ഷിംല: ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫ്‌ളഡ്‌ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു മത്സരം നിര്‍ത്തിവയ്ക്കുകയാണെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാലാണു തീരുമാനമെന്നാണു പുറത്തുവരുന്ന വിവരം. മത്സരം ആരംഭിച്ച് പത്ത് ഓവര്‍ പിന്നിട്ട ശേഷമായിരുന്നു മത്സരം നിര്‍ത്തിവച്ചത്. ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ ഭാഗമായി അതിര്‍ത്തിപ്രദേശങ്ങളില്‍ ആക്രമണം രൂക്ഷമായതോടെയാണു പ്രഖ്യാപനം വന്നത്.
ധരംശാലയില്‍നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ജമ്മുവില്‍, പാകിസ്താന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌റ്റേഡിയത്തിലെ ഏതാനും ഫ്‌ളെഡ്‌ലൈറ്റുകള്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഫ്‌ലഡ്ലൈറ്റ് ടവര്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെയാണ് വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മത്സരം നിര്‍ത്തിയത്. പിന്നാലെ ആരാധകരോട് എത്രയും പെട്ടെന്ന് സ്‌റ്റേഡിയം ഒഴിയാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നത്തെ മത്സരത്തിലേക്കു വന്നാല്‍, പ്ലേഓഫ് ബെര്‍ത്തിനായി പഞ്ചാബിനും ഡല്‍ഹിക്കും ഇന്ന് വിജയം അനിവാര്യമായിരുന്നു. ടോസ് ഭാഗ്യം തുണച്ച പഞ്ചാബ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കം തൊട്ടേ അടിച്ചുകളിച്ച യുവതാരം പ്രിയാന്‍ഷ് ആര്യയും(34 പന്തില്‍ ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും സഹിതം 70) പ്രഭ്‌സിംറാനും(28 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 50) ചേര്‍ന്ന് ഗംഭീര തുടക്കമായിരുന്നു പഞ്ചാബ് കിങ്‌സിനു നല്‍കിയത്. ഒടുവില്‍ ടി. നടരാജന്റെ പന്തില്‍ മാധവ് തിവാരി പിടിച്ച് പ്രിയാന്‍ഷ് പുറത്തായതോടെ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ സമയത്ത് 10.1 ഓവറില്‍ ഒന്നിന് 122 എന്ന മികച്ച നിലയിലായിരുന്നു പഞ്ചാബ്.