മുംബൈ: 300 സ്‌കോര്‍ പ്രവചിക്കപ്പെട്ട വാങ്കഡെയില്‍ സ്ലോ ബൗണ്‍സറുകളും യോര്‍ക്കറുകളും കളം വാണപ്പോള്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് അനായാസ വിജയം. സണ്‍റൈസേഴ്‌സിന്റെ അറ്റാക്കിങ് ബാറ്റിങ് നിര ആതിഥേയ ബൗളര്‍മാര്‍ക്കു മുന്നില്‍ തളര്‍ന്നുവീണു. 167 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റിന് മുംബൈ മറികടക്കുകയും ചെയ്തു.
ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈയ്ക്ക് ഈസി ചേസിനുള്ള അവസരം പാറ്റ് കമ്മിന്‍സും സംഘവും നല്‍കിയില്ല. ഫോംഔട്ടായ രോഹിത് ശര്‍മ കത്തിയാളുന്നതിന്റെ ലക്ഷണങ്ങള്‍ പവര്‍പ്ലേയില്‍ കാണിച്ചെങ്കിലും നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഫുള്‍ടോസ് കണക്ട് ചെയ്യാനാകാതെ കവറില്‍ ട്രാവിസ് ഹെഡിനു ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.
മറുവശത്ത് വിക്കറ്റ് കീപ്പര്‍ ഓപണര്‍ റിയാന്‍ റിക്കല്‍ട്ടന്‍ താളം കണ്ടെത്താന്‍ ഏറെ വിഷമിച്ചു. സീഷാന്‍ അന്‍സാരി എറിഞ്ഞ ഏഴാമത്തെ ഓവര്‍ ഒരു കൗതുകകരമായ നോബൗളിനും സാക്ഷിയായി. അഞ്ചാമത്തെ പന്തില്‍ കവറില്‍ ഒരു കിടിലന്‍ ക്യാച്ചിലൂടെ റിക്കല്‍ട്ടനെ പിടികൂടിയെങ്കിലും തേഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു. പന്തെറിയുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ഹെണ്‍റിച്ച് ക്ലാസന്റെ ഗ്ലൗ സ്റ്റംപിനു മുന്നിലായിരുന്നു. വിക്കറ്റ് നോബൗളാണെന്ന് വിധിച്ചതോടെ പവലിയനിലേക്കു മടങ്ങിയ റിക്കല്‍ട്ടന്‍ ക്രീസിലേക്ക് തിരിച്ചെത്തി.
ജീവന്‍ തിരിച്ചുകിട്ടിയ ശേഷം കൂറ്റനടികളുമായി ഏതാനും റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത റിക്കല്‍ട്ടനെ(23 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 31) ഹര്‍ഷല്‍ പട്ടേല്‍ ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഹെഡിന്റെ കൈകളിലെത്തിച്ചു.
രണ്ടു വിക്കറ്റ് വീണെങ്കിലും വില്‍ ജാക്ക്‌സും(26 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 36) സൂര്യകുമാര്‍ യാദവും(15 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സറും സഹിതം 26) ചേര്‍ന്ന് ടീമിനെ അനായാസ വിജയത്തിലേക്കു നയിച്ചു. അവസാനത്തില്‍ പെട്ടെന്ന് കളി തീര്‍ക്കാനുള്ള തിടുക്കത്തില്‍ ക്യാപ്റ്റന്‍ പാണ്ഡ്യയും(ഒന്‍പത് പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 21) മടങ്ങിയെങ്കിലും തിലക് വര്‍മ(17) സീഷാനെ ബൗണ്ടറി പറത്തി ടീമിനെ വിജയതീരത്തെത്തിച്ചു.
നേരത്തെ, ടോസ് ഭാഗ്യം തുണച്ച മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ ഹൈദരാബാദിന്റെ എക്‌സ്‌പ്ലോസീവ് ഓപണിങ് ജോഡിയെ വരിഞ്ഞുമുറുക്കുകയായിരുന്നു പവര്‍പ്ലേയില്‍ മുംബൈ ബൗളര്‍മാര്‍. ദീപക് ചഹാര്‍ നല്‍കിയ മികച്ച തുടക്കം മുതലെടുത്ത് ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയും ചേര്‍ന്ന് അഭിഷേക് ശര്‍മയെയും ട്രാവിസ് ഹെ പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം ഡിനെയും വിറപ്പിച്ചുനിര്‍ത്തുകയായിരുന്നു.
അഭിഷേക് ശര്‍മ പതിയെ താളം കണ്ടെത്തിയെങ്കിലും ഹെഡ് തപ്പിത്തടഞ്ഞു. ഒടുവില്‍ എട്ടാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിന് ബ്രേക്ത്രൂ നല്‍കിയത്. ഹര്‍ദികിനെ ബിഗ് ഹിറ്റിനു ശ്രമിച്ച അഭിഷേക് ബൗണ്ടറി ലൈനില്‍ പകരക്കാരന്‍ രാജ് ബവയുടെ കൈകളിലൊതുങ്ങി. 28 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 40 റണ്‍സാണ് താരം എടുത്തത്. തൊട്ടടുത്ത ഓവറുകളില്‍ ഇഷന്‍ കിഷനും(രണ്ട്) ട്രാവിസ് ഹെഡും(29 പന്തില്‍ 28) മടങ്ങിയതോടെ ഹൈദരാബാദ് ഇന്നിങ്‌സ് ഒച്ചിഴയുന്ന വേഗത്തിലായി.
ടി20 സ്‌പെഷലിസ്റ്റായ ഹെണ്‍റിച്ച് ക്ലാസനു പോലും മുംബൈ ബാറ്റിങ്ങിനു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. ഡെത്ത് ഓവറുകളിലാണ് ഹൈദരാബാദ് ആദ്യത്തെ സിക്‌സര്‍ പറത്തുന്നതെന്നതു തന്നെ ടീമിന്റെ ബാറ്റിങ് നിലവാരം വെളിപ്പെടുത്തുന്നു. അവസാനത്തില്‍ ചഹാറിനെ തുടരെ ബൗണ്ടറി പറത്തിയ ക്ലാസന്റെ ഇന്നിങ്‌സും അനികേത് വര്‍മയുടെ കാമിയോയുമാണ് 162 എന്ന പൊരുതിനോക്കാവുന്ന സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്.
മുംബൈ ബൗളിങ് നിരയില്‍ പാര്‍ട് ടൈം സ്പിന്നര്‍ വില്‍ ജാക്ക്‌സ് രണ്ട് വിക്കറ്റ് നേടി. ബോള്‍ട്ടിനും ബുംറയ്ക്കും പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.