വാംഖഡെ: വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. പോയിന്റ് ടേബിളില്‍ തൊട്ടരികിലുള്ള ലഖ്‌നൗവിനെ 54 റണ്‍സിന് തകര്‍ത്ത് പ്ലേഓഫില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും. വിജയത്തോടെ ടേബിളില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. റയാന്‍ റിക്കല്‍ട്ടണിന്റെയും(58), സൂര്യകുമാര്‍ യാദവിന്റെയും(54) വെടിക്കെട്ട് അര്‍ധസെഞ്ച്വറികള്‍ക്കു ശേഷം സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ നാലു വിക്കറ്റ് നേട്ടമാണ് ആതിഥേയരെ വമ്പന്‍ വിജയത്തിലേക്കു നയിച്ചത്.
ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈ 216 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ ഉയര്‍ത്തിയത്. മികച്ച തുടക്കം ലഭിച്ച ശേഷവും ഇതുവരെയും മികച്ച ടോട്ടല്‍ നേടാനാകാതെ പോയതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു റിക്കല്‍ട്ടണ് ഇന്ന്. സിക്‌സറുകളും ബൗണ്ടറികളുമായി കളം വാണ താരം ടീം ഇന്നിങ്‌സിന്റെ അടിത്തറയൊരുക്കി. ഒന്‍പതാം ഓവറില്‍ ദിഗ്‌വേഷ് റാഠിയുടെ പന്തില്‍ ആയുഷ് ബദോനി പിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം പുറത്തായി. 32 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ബൗണ്ടറിയും പറത്തിയാണ് താരം 58 റണ്‍സെടുത്തത്.
മികച്ച ടച്ചില്‍ കളിച്ച റിക്കല്‍ട്ടന്‍ പുറത്തായെങ്കിലും ലഖ്‌നൗവിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നില്ല. പിന്നീട് വന്നത് അതിലും വലിയ വെടിക്കെട്ടു പൂരമായിരുന്നു. അപാര ഫോമിലുള്ള സൂര്യകുമാര്‍ യാദവ് വാംഖഡെയില്‍ ഒരിക്കല്‍കൂടി കളം നിറഞ്ഞാടിയപ്പോള്‍ വന്‍ ടോട്ടലിലേക്കു കുതിച്ചു മുംബൈ. സൂര്യ ഇടയ്ക്കു വീണെങ്കിലും നമന്‍ധീറും അരങ്ങേറ്റക്കാരന്‍ കോര്‍ബിന്‍ ബോഷും ചേര്‍ന്ന് മികച്ച ഫിനിഷിങ്ങാണ് ടീമിനു സമ്മാനിച്ചത്. സൂര്യ 28 പന്ത് നേരിട്ട് നാലുവീതം സിക്‌സറും ബൗണ്ടറിയും പറത്തി 54 റണ്‍സെടുത്തപ്പോള്‍, നമന്‍ധീര്‍ 11 പന്തില്‍ 25 റണ്‍സുമായും ബോഷ് 10 പന്തില്‍ 20 റണ്‍സുമായും പുറത്താകാതെ നിന്നു. ലഖ്‌നൗ ബൗളര്‍മാരെല്ലാം ഒന്നൊഴിയാതെ മത്സരിച്ചു റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.
മറുപടി ബാറ്റിങ്ങില്‍ വലിയ ടോട്ടല്‍ പിന്തുടരുകയാണെന്ന ഒരു ലക്ഷണവും കാണിക്കാത്ത ബാറ്റിങ്ങാണു തുടക്കം തൊട്ടേ ലഖ്‌നൗ പുറത്തെടുത്തത്. മൂന്നാം ഓവറില്‍ ഐഡന്‍ മാര്‍ക്രാമിനെ പുറത്താക്കി ബുംറ മുംബൈ ബൗളിങ് ആക്രമണത്തിനു തുടക്കമിട്ടു. പിന്നീടങ്ങോട്ട് ഇടവേളകളില്‍ ലഖ്‌നൗ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. മിച്ചല്‍ മാര്‍ഷും നിക്കോളാസ് പൂരാനും ക്രീസില്‍ ഒരുമിച്ചുണ്ടായിരുന്ന 21 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ ലഖ്‌നൗവിന് ആശ്വസിക്കാനുണ്ടായിരുന്നത്. ആ കൂട്ടുകെട്ട് പിരിഞ്ഞതോടെ കളി പൂര്‍ണമായും മുംബൈയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായി. 22 പന്തില്‍ രണ്ടുവീതം സിക്‌സറും ബൗണ്ടറിയും അടിച്ച് 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ടീമിനെ വമ്പന്‍ തോല്‍വിയില്‍നിന്നു രക്ഷിച്ചത്. ബദോനി തന്നെയാണ് ലഖ്‌നൗ സംഘത്തിലെ ടോപ്‌സ്‌കോററും. മാര്‍ഷ് 24 പന്തില്‍ 34ഉം പൂരാന്‍ 15 പന്തില്‍ 27ഉം ഡേവിഡ് മില്ലര്‍ 16 പന്തില്‍ 24ഉം റണ്‍സെടുത്ത് പുറത്തായി.
മുംബൈ ബൗളിങ്ങില്‍ ബുംറ ഒരിക്കല്‍കൂടി തന്റെ മൂല്യം തെളിയിച്ചു. നാല് ഓവറില്‍ വെറും 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണു താരം കൊയ്തത്. ട്രെന്റ് ബോള്‍ട്ട് മൂന്നും വില്‍ ജാക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. കോര്‍ബിന്‍ ബോഷിന് ഒരു വിക്കറ്റും ലഭിച്ചു.