മുംബൈ: വാംഖഡെയെിലെ പാതിരാത്രിയും ആവേശം മുറ്റിനിന്ന മഴദിനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയ ടൈറ്റന്‍സ് ചേസിങ്ങില്‍ പതറിയെങ്കിലും അവസാന ഓവര്‍ ഡ്രാമയിലൂടെ വിജയം തട്ടിയെടുക്കുകയായിരുന്നു. രണ്ടു തവണ മഴ കളി തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണു വിജയിയെ പ്രഖ്യാപിച്ചത്. വിജയത്തോടെ ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ചേസിങ്ങില്‍ ഒരുഘട്ടത്തില്‍ പിന്നിലായിരുന്ന മുംബൈ ഇന്ത്യന്‍സിന് ജസ്പ്രീത് ബുംറയുടെ മാജിക്ക് ബൗളിങ്ങാണു വിജയപ്രതീക്ഷ നല്‍കിയത്. ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ വില്‍ ജാക്ക്‌സിന്റെ ഫിഫ്റ്റി(53)യും ആതിഥേയര്‍ക്കു തുണയായെങ്കിലും 19 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിലെ അവസാന ഓവര്‍ പ്രതിരോധിക്കാന്‍ ടീമിനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ആതിഥേയര്‍ക്ക് തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണു നേരിട്ടത്. ഫോമിലുള്ള ഓപണര്‍ റിയാന്‍ റിക്കല്‍ട്ടന്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായി. മുഹമ്മദ് സിറാജാണ് ഗുജറാത്തിന്റെ പടയോട്ടത്തിനു തുടക്കമിട്ടത്. നാലാം ഓവറില്‍ രോഹിത് ശര്‍മയും വെറും ഏഴു റണ്‍സുമായി മടങ്ങി. തൊട്ടുപിന്നാലെ വില്‍ ജാക്‌സും സൂര്യകുമാര്‍ യാദവും നല്‍കിയ അവസരങ്ങള്‍ കൂടി ഗുജറാത്ത് നിലത്തിട്ടിരുന്നില്ലെങ്കില്‍ മുംബൈ വന്‍ തകര്‍ച്ചയായിരുന്നു ഇന്ന് നേരിടേണ്ടിവരിക.
ഗുജറാത്ത് കനിഞ്ഞുനല്‍കിയ ഭാഗ്യത്തിന്റെ അകമ്പടിയോടെ മൂന്നാം വിക്കറ്റില്‍ 43 പന്തി ല്‍ 71 റണ്‍സാണ് ജാക്‌സും സൂര്യയും കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ആതിഥേയരെ രക്ഷിച്ചതും ആ കൂട്ടുകെട്ടായിരുന്നു. ഒടുവില്‍ സായ് കിഷോറിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച് സൂര്യ(24 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 35) ലോങ് ഓഫില്‍ ഷാരൂഖ് ഖാന്റെ കൈകളില്‍ അവസാനിച്ചു. തൊട്ടടുത്ത ഓവറില്‍ വില്‍ ജാക്ക്‌സിനെ മടക്കി അയച്ച് റാഷിദ് ഖാന്‍ ഗുജറാത്തിന്റെ മേധാവിത്വം ഉറപ്പിച്ചു. 35 പന്തില്‍ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്താണ് ജാക്ക്‌സ് മടങ്ങിയത്. മുംബൈ നാലിന് 103 എന്ന നിലയിലായിരുന്നു അപ്പോള്‍.
പിന്നാലെ, തിലക് വര്‍മ(ഏഴ്), ഹര്‍ദിക് പാണ്ഡ്യ(ഒന്ന്), നമന്‍ധീര്‍(ഏഴ്) എന്നിവരെല്ലാം നിരനിരയായി പവലിയനിലേക്കു ഘോഷയാത്ര നടത്തുകയായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വിരിച്ച ഫീല്‍ഡിങ് വലയില്‍ ഓരോരുത്തരായി തലവച്ചു വീഴുകയായിരുന്നു. ഒടുവില്‍ അവസാന ഓവറുകളില്‍ കോര്‍ബിന്‍ ബോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ 155 എന്ന പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഇന്‍ഫോം ബാറ്റര്‍ സായ് സുദര്‍ശനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഗുജറാത്തിനെ ഞെട്ടിച്ചു. പിന്നീടങ്ങോട്ട് പിച്ചിന്റെ സ്വഭാവവും മഴസാധ്യതയും ഒരുപോലെ മനസില്‍ കണ്ട് അതീവ ശ്രദ്ധയോടെയാണ് ഗില്ലും ജോസ് ബട്‌ലറും കളിച്ചത്. സിംഗിളുകളും ഡബിളുകളുമായി പരമാവധി റണ്‍സ് കണ്ടെത്താന്‍ നോക്കുമ്പോഴും ബൗണ്ടറി അകന്നതോടെ സമ്മര്‍ദം ഗുജറാത്ത് ക്യാംപിലേക്കു മാറി. ഇതിനിടെ സ്‌കോര്‍വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ ജോസ് ബട്‌ലര്‍(27 പന്തില്‍ 30) വീഴുകയും ചെയ്തു.
മഴ ചാറിത്തുടങ്ങിയതോടെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നിലുമായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍, മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ എട്ടാം ഓവറും വില്‍ ജാക്ക്‌സ് എറിഞ്ഞ 13-ാം ഓവറും നിര്‍ണായകമായി. ഒാരോ സിക്‌സറും ബൗണ്ടറിയും മൂന്ന് വൈഡും രണ്ട് നോബൗളും സഹിതം 18 റണ്‍സാണ് പാണ്ഡ്യ വിട്ടുകൊടുത്തത്. വില്‍ ജാക്ക്‌സ് ആണെങ്കില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഒരു വൈഡും സഹിതം 15 റണ്‍സും. മഴ കനത്തു കളി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോള്‍ ചിരി ടൈറ്റന്‍സിന്റെ മുഖത്തായിരുന്നു. പാളിയ നീക്കങ്ങളുടെ ടെന്‍ഷന്‍ പാണ്ഡ്യയുടെ മുഖത്തും.
ഏതാനും മിനിറ്റുകളുടെ ഇടവേളയ്ക്കുശേഷം കളി പുനരാരംഭിച്ചു. പിന്നീടങ്ങോട്ട് സര്‍ വം ജസ്പ്രീത് ബുംറ എന്ന ചാംപ്യന്‍ ബൗളറായിരുന്നു. ഇടവേളയ്ക്കുശേഷമുള്ള ആദ്യ ഓവര്‍ തന്നെ പാണ്ഡ്യ തന്റെ വിശ്വസ്ത ബൗളറെ ഏല്‍പിച്ചു. ബുംറ തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ടാം പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ ബൗണ്ടറിയ കടത്തിയ ശുഭ്മന്‍ ഗില്ലിനെ അഞ്ചാം പന്തില്‍ ക്ലീന്‍ബൗള്‍ഡാക്കി ബുംറയുടെ മറുപടി. 46 പന്തില്‍ 43 റണ്‍സുമായി ചേസിങ് നയിച്ച നായകന്‍ വീണതോടെ ഗുജറാത്തും പ്രതിരോധത്തിലായി. അടുത്ത ഓവറില്‍ ട്രെന്റ് ബൗള്‍ട്ട് ഷെര്‍ഫെയിന്‍ റൂതര്‍ഫോര്‍ഡിനെ(13 പന്തില്‍ 27) വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ മുംബൈ കളി പിടിമുറുക്കി. 17-ാം ഓവറില്‍ 15-ാം ഓവറിന്റെ തനിയാവര്‍ത്തനം. രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് അടിച്ചുപറത്തിയ ഷാരൂഖ് ഖാനെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ബുംറയുടെ മാസ്. 18-ാം ഓവര്‍ എറിഞ്ഞ അശ്വനി കുമാര്‍ റാഷിദ് ഖാനെ പുറത്താക്കി ഓവര്‍ അവസാനിപ്പിക്കുമ്പോള്‍ വീണ്ടും മഴ. ഇത്തവണ ടൈറ്റന്‍സ് ഡി.എല്‍.എസ് നിയമപ്രകാരം നാലു റണ്‍സിനു പിന്നില്‍.
ഒടുവില്‍ പാതിരാത്രി 12.30ന് കളി പുനരാരംഭിക്കുമ്പോള്‍ 19 ഓവറില്‍ 147 റണ്‍സാക്കി ഗുജറാത്തിന്റെ ലക്ഷ്യം മാറ്റിനിശ്ചയിക്കുകയായിരുന്നു. ഒരു ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. പന്തെറിഞ്ഞത് ദീപക് ചഹാര്‍. ക്രീസില്‍ രാഹുല്‍ തെവാട്ടിയ. ആദ്യ പന്ത് ബൗളര്‍ക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക്. രണ്ടാം പന്ത് സിംഗിള്‍. ക്രീസില്‍ ജെറാള്‍ഡ് കൂറ്റ്‌സിയ. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓഫിലൂടെ ഗാലറിയിലേക്ക്.. സിക്‌സര്‍. ഗുജറാത്തിന് ജയിക്കാന്‍ മൂന്ന് പന്തില്‍ നാല്. നോബൗളായ അടുത്ത പന്തില്‍ സിംഗിലുമെടുത്തു കൂറ്റ്‌സിയ. ലക്ഷ്യം മൂന്ന് പന്തില്‍ രണ്ടായി ചുരുങ്ങി. ഫ്രീഹിറ്റ് സുവര്‍ണാവസരം പക്ഷേ തെവാട്ടിയയ്ക്കു മുതലെടുക്കാനായില്ല. സിംഗിള്‍ മാത്രം. സ്‌കോര്‍ തുല്യനിലയില്‍. അഞ്ചാം പന്ത് ഗാലറിയിലേക്കു പറത്തി സ്റ്റൈലായി ഫിനിഷ് ചെയ്യാനുള്ള കൂറ്റ്‌സിയയുടെ നീക്കം പാളി. ഡീപ് മിഡ്‌വിക്കറ്റില്‍ നമന്‍ധീര്‍ പിടിച്ചു പുറത്ത്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ്. ക്രീസിലെത്തിയത് അര്‍ഷദ് ഖാന്‍. മിഡോഫിലേക്ക് ആഞ്ഞടിച്ചു. സിംഗിള്‍… ഗുജറാത്തിന് മൂന്ന് വിക്കറ്റ് വിജയം.