ലഖ്‌നൗ: ഏകന സ്റ്റേഡിയത്തില്‍ ലോകം കാണ്‍കെ അപമാനിച്ചുവിട്ട പഴയ മുതലാളിക്കുമുന്നില്‍ കെ.എല്‍ രാഹുലിന്റെ മധുരപ്രതികാരം. മൂന്ന് വര്‍ഷം താന്‍ മുന്നില്‍നിന്നു നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മാസ്റ്റര്‍ക്ലാസ് ഇന്നങ്‌സിലൂടെ അവരുടെ സ്വന്തം തട്ടകത്തില്‍ അടിയറവ് പറയിക്കുകയായിരുന്നു രാഹുല്‍(57*). മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജയം. അഭിഷേക് പൊറേലിന്റെ ഹാഫ് സെഞ്ച്വറിയും ഡല്‍ഹി കുതിപ്പില്‍ നിര്‍ണായകമായി.
ഡല്‍ഹി ഉയര്‍ത്തിയ 160 എന്ന ചെറിയ ടോട്ടല്‍ അനായാസമാണ് സന്ദര്‍ശകര്‍ മറികടന്നത്. കരുണ്‍ നായര്‍ കൂറ്റനടിക്കു ശ്രമിച്ച് ബൗള്‍ഡായത് ഒഴിച്ചുനിര്‍ത്തിയാല്‍ ചേസിങ്ങില്‍ ലഖ്‌നൗവിന് ആശ്വസിക്കാന്‍ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല. ആദ്യം പൊറേല്‍-രാഹുല്‍ സഖ്യം 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിംഗിളുകളും ഡബിളുകളും ഇടവേളകളില്‍ ബൗണ്ടറികളുമായി കളംവാണ കൂട്ടുകെട്ട്.
മികച്ച ടച്ചിലുണ്ടായിരുന്ന പൊറേലിനെ(36 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 61) ഐഡന്‍ മാര്‍ക്രാം ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചെങ്കിലും കൂടുതല്‍ വിനാശമായിരുന്നു അവരെ കാത്തിരുന്നത്. നാലാമനായി ക്രീസിലെത്തിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ തകര്‍പ്പനടികളുമായി മത്സരത്തിലെ ട്വിസ്റ്റ് സാധ്യതകളെല്ലാം അടച്ചുകളയുകയായിരുന്നു അക്‌സര്‍. ഒടുവില്‍ ഡീപ് മിഡ്‌വിക്കറ്റിലേക്ക് സിക്‌സര്‍ പറത്തി രാഹുല്‍ ആ റിവഞ്ച് അങ്ങ് തീര്‍ത്തു. 13 പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് വിജയം. രാഹുല്‍ 42 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയുമായി 57 റണ്‍സെടുത്തപ്പോള്‍ മറുവശത്ത് 20 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും പറത്തി അക്‌സര്‍ 34 റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് ഒരിക്കല്‍കൂടി ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് അതു മുതലെടുക്കാനായില്ല. ബൗണ്ടറികളും സിക്‌സറുകള്‍ക്കുമൊപ്പം സിംഗിളും ഡബിളുമെടുത്ത് ഇന്നിങ്‌സ് ബില്‍ഡ് ചെയ്യുകയായിരുന്നു ഐഡന്‍ മാര്‍ക്രാമും മിച്ചല്‍ മാര്‍ഷും ചെയ്തത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ലഖ്‌നൗവിന്റെ ഓപണിങ് കൂട്ടുകെട്ടിനെ പിരിക്കാന്‍ ഡല്‍ഹി നായകന്‍ അക്‌സര്‍ പട്ടേലിനായില്ല.
ഒടുവില്‍ പത്താം ഓവറിലാണ് ഡല്‍ഹി ക്യാംപില്‍ ശ്വാസം നേരെ വീണത്. മാര്‍ക്രാമിനെ(33 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 52) ബൗണ്ടറി ലൈനില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തിച്ച് ദുഷ്മന്ത് ചമീറയാണ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചത്. പിന്നാലെ നിക്കോളാസ് പൂരാനും അബ്ദുല്‍ സമദും രണ്ടക്കം കടക്കാനാകാതെ മടങ്ങി. മുകേഷ് കുമാറിന്റെ മനോഹരമായൊരു യോര്‍ക്കറിലൂടെ മാര്‍ഷ്(36 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 45) ബൗള്‍ഡാകുക ചെയ്തതോടെ ഡല്‍ഹി പ്രതിരോധത്തിലായി. യുവതാരം ആയുഷ് ബദോനി(21 പന്തില്‍ ആറ് ബൗണ്ടറിയോടെ 36*) മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ തുടരെ ബൗണ്ടറികള്‍ പായിച്ചാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഏഴാം നമ്പറിലേക്ക് സ്വയം ഡിമോട്ട് ചെയ്ത ഋഷഭ് പന്ത് അക്കൗണ്ട് തുറക്കാനാകാതെ ക്ലീന്‍ബൗള്‍ഡൗയി മടങ്ങുകയും ചെയ്തു.