കൊൽക്കത്ത – ഹൈവോൾട്ടേജ് മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മഴ രസംകൊല്ലിയായി എത്തിയപ്പോൾ പോയിന്റ് പങ്കിട്ട് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും. ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത് നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മുന്നോട്ടുവച്ച 202 എന്ന വിജയലക്ഷ്യത്തിലേക്ക് കൊൽക്കത്ത ഒരോവറിൽ വിക്കറ്റ് പോകാതെ ഏഴു റൺസ് എടുത്തു നിൽക്കവെയാണ് കളി തുടരാൻ അനുവദിക്കാതെ മഴ കളിച്ചത്. മൈതാനത്തിൽ വറ്റിക്കാൻ കഴിയാത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇന്ത്യൻ സമയം രാത്രി 11- ന് കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രിയാൻഷ് ആര്യയും (35 പന്തിൽ 69), പ്രഭ്‌സിമ്രാൻ സിങും (49 പന്തിൽ 83) നൽകിയ മിന്നും തുടക്കത്തിന്റെ കരുത്തിലാണ് പഞ്ചാബ് മികച്ച ടോട്ടൽ ആതിഥേയർക്കു മുന്നിൽ വെച്ചത്. 11.5 ഓവർ ക്രീസിൽ നിന്ന ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 120 റൺസ് ചേർത്തിരുന്നു. എട്ട് ഫോറും നാല് സിക്‌സറുമടിച്ച പ്രിയാൻഷ് ആര്യ റസ്സലിന്റെ പന്തിൽ അറോറക്ക് ക്യാച്ച് നൽകിയ മടങ്ങിയ ശേഷം ക്യാപ്ടൻ ശ്രേയസ് അയ്യർക്കൊപ്പം (25 നോട്ടൗട്ട്) പ്രഭ്‌സിമ്രാൻ സ്‌കോർ 160 വരെ എത്തിച്ചു. ആറു വീതം സിക്‌സറും ബൗണ്ടറിയുമടിച്ച പ്രഭ്‌സിമ്രൻ പുറത്താകുമ്പോൾ 14.3 ഓവറിൽ രണ്ടിന് 160 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ പിന്നീടുള്ള 33 പന്തിൽ വെറും 41 റൺസ് മാത്രം വിട്ടുനൽകി കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു.
ഒരു സിക്‌സറും ബൗണ്ടറിയുമടക്കം ശ്രേയസ് അയ്യർ ഒരറ്റത്ത് പോരാടിയെങ്കിലും ഗ്ലെൻ മാക്‌സ്വെൽ (7), മാർകോ യാൻസൻ (3) എന്നിവർക്ക് തിളങ്ങാൻ കഴിയാതിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. വൈഭവ് അറോറ രണ്ടും വരുൺ ചക്രവർത്തി, ആേ്രന്ദ റസ്സൽ എന്നിവർ ഓരോന്നു വീതവും വിക്കറ്റെടുത്തു.
202 വിജയലക്ഷ്യവുമായി കൊൽക്കത്ത ബാറ്റിങ് തുടങ്ങിയപ്പോൾ ആദ്യ ഓവറിന്റെ അവസാനത്തിൽ തന്നെ മഴ പെയ്യുകയായിരുന്നു. ഏറെ കാത്തിരുന്നെങ്കിലും മൈതാനം മത്സരയോഗ്യമല്ല എന്നുറപ്പായതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.
ഇന്നു ലഭിച്ച ഒന്നടക്കം 11 പോയിന്റോടെ പഞ്ചാബ് ടേബിളിൽ നാലാം സ്ഥാനത്തേക്കു കയറി. അതേസമയം, ഏഴ് പോയിന്റ് മാത്രമുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് കാണണമെങ്കിൽ ഇനി എല്ലാ കളിയും ജയിക്കണമെന്ന അവസ്ഥയിലാണ് നിലവിലെ ചാമ്പ്യൻമാർ.