കൊല്‍ക്കത്ത: മികച്ച നിലയില്‍ നിന്ന ശേഷം കൈവിട്ട കളികൡനിന്ന് പാഠം പഠിച്ച ചെന്നൈയ്ക്ക് ഒടുവില്‍ ആശ്വാസജയം. പ്ലേഓഫില്‍ ഇടംനേടാന്‍ ജയം അനിവാര്യമായ കൊല്‍ക്കത്തയെ അവരുടെ സ്വന്തം തട്ടകത്തില്‍ രണ്ടു വിക്കറ്റിനാണു സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചത്. നാലു വിക്കറ്റെടുത്ത നൂര്‍ അഹ്‌മദിന്റെ മാജിക് സ്പിന്നും യുവതാരം ഡിവാല്‍ഡ് ബ്രെവിസിന്റെ ഫിഫ്റ്റിയും(52) ആണ് സന്ദര്‍ശകര്‍ക്കു തുടര്‍തോല്‍വിക്കുശേഷം ആശ്വാസജയം സമ്മാനിച്ചത്. തോല്‍വിയോടെ നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകളും കടുക്കുകയാണ്.
ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് തുടക്കത്തില്‍ തന്നെ ഒരു ഓപണറെ നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ റഹ്‌മനുല്ല ഗുര്‍ബാസിനെ മിഡ്‌വിക്കറ്റില്‍ നൂര്‍ അഹ്‌മദിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കാംബോജ് ആണു സന്ദര്‍ശകര്‍ക്കു മികച്ച തുടക്കം നല്‍കിയത്. എന്നാല്‍, പിന്നീടങ്ങോട്ട് സുനില്‍ നരൈനും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്ന് ചെന്നൈ ബൗളര്‍മാരെ ബൗണ്ടറിയിലേക്കു പറത്തി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത്.
എന്നാല്‍, പവര്‍പ്ലേയ്ക്കു പിന്നാലെ മിഡില്‍ ഓവറുകളില്‍ ചെന്നൈ സ്പിന്നര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. നൂര്‍ അഹ്‌മദിന്റെ പന്തില്‍ സുനില്‍ നരൈനെ(17 പന്തില്‍ 26) കിടിലന്‍ സ്റ്റംപിങ്ങിലൂടെ ധോണി തിരിച്ചയച്ചു. ഇതേ ഓവറില്‍ തന്നെ അങ്ക്രിഷ് രഘുവംശിയെയും പുറത്താക്കി നൂര്‍ കളി തിരിച്ചു. കൊല്‍ക്കത്തയുടെ റണ്‍റേറ്റും താഴോട്ടായി. രവീന്ദ്ര ജഡേജ എറിഞ്ഞ 13-ാം ഓവറില്‍ ഡേവന്‍ കോണ്‍വേയ്ക്കു ക്യാച്ച് നല്‍കി രഹാനെയും(33 പന്തില്‍ നാല് ബൗണ്ടറിയും രണ്ടു സിക്‌സറും സഹിതം) മടങ്ങിയതോടെ ആതിഥേയര്‍ നാലിന് 103 എന്ന നിലയില്‍ പരുങ്ങലിലായി കൊല്‍ക്കത്ത.
എന്നാല്‍, പിന്നീടായിരുന്നു ആന്ദ്രെ റസലിന്റെ പകര്‍ന്നാട്ടം. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ അടിച്ചുപറത്തിയ റസല്‍ കെ.കെ.ആറിനു പുതുജീവന്‍ പകര്‍ന്നു. അവസാന ഓവറുകളില്‍ റസല്‍(21 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 38) കളിച്ച വെടിക്കെട്ട് ഇന്നിങ്‌സാണ് ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുമായിരുന്ന ആതിഥേയരെ 179 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മനീഷ് പാണ്ഡെ 28 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു.
സീസണിന്റെ തുടക്കത്തില്‍ വിക്കറ്റ് വേട്ടയുമായി നിറഞ്ഞാടിയ ശേഷം താളം നഷ്ടപ്പെട്ട നൂര്‍ അഹ്‌മദ് ഫോമിലേക്കു തിരിച്ചെത്തിയതാണ് ഇന്ന് ചെന്നൈയ്ക്കു തുണയായത്. നാല് വിക്കറ്റാണ് അഫ്ഗാന്‍ സ്പിന്നര്‍ ഇന്ന് പിഴുതത്. കാംബോജിനും ജഡേജയ്ക്കും ഓരോ വിക്കറ്റും ലഭിച്ചു.
താരതമ്യേനെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണു നേരിട്ടത്. അപകടകാരിയായ യുവതാരം ആയുഷ് മാത്രെയെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കി വൈഭവ് അറോറയാണ് ചെന്നൈ വേട്ടയ്ക്കു തുടക്കമിട്ടത്. രണ്ടാം ഓവറില്‍ മോയിന്‍ അലിയുടെ മനോഹരമായൊരു ഫുള്‍ലെങ്ത് പന്തില്‍ ക്ലീന്‍ബൗള്‍ഡായി ഡേവണ്‍ കോണ്‍വേയും മടങ്ങി. സംപൂജ്യരായാണു രണ്ട് ഓപണര്‍മാരും കൂടാരം കയറിയത്.
എന്നാല്‍, ചെന്നൈ കാത്തുവച്ച ഷോ പിന്നീടായിരുന്നു. വന്‍ഷ് ബേദിക്കു പകരക്കാരനായി എത്തിയ യുവതാരം ഉര്‍വില്‍ പട്ടേലിന്റെ വെടിക്കെട്ട് അരങ്ങേറ്റത്തിനാണ് പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീണ സമ്മര്‍ദമൊന്നും ഒട്ടും അലട്ടാതെ അനായാസം സിക്‌സറുകളുമായി വെടിക്കെട്ട് പൂരമൊരുക്കുകയായിരുന്നു താരം. മോയിന്‍ അലിയെ ഒരു ഓവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പറത്തി 17 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ ഹര്‍ഷിത് റാണയെ ബൗണ്ടറിയും സിക്‌സറും പറത്തി ആക്രമണം തുടര്‍ന്നെങ്കിലും അവസാന പന്തില്‍ വീണു. മികച്ച ടച്ചില്‍ മുന്നേറവേ എഡ്ജായി ഷോര്‍ട്ട് തേഡില്‍ വരുണ്‍ ചക്രവര്‍ത്തി പിടിച്ചു പുറത്താകുമ്പോള്‍ വെറും 11 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 31 റണ്‍സെടുത്തിരുന്നു താരം.
രവീന്ദ്ര ജഡേജ പതിവുശൈലി വിട്ട് അറ്റാക്ക് ചെയ്തു കളിച്ചതോടെ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും ടീമിന്റെ റണ്‍റേറ്റ് പത്തിനു മുകളില്‍ തന്നെ തുടര്‍ന്നു. നാലാമനായി സ്ഥാനക്കയറ്റം കിട്ടിയ അശ്വിനും രവീന്ദ്ര ജഡേജയും അടുത്തടുത്ത ഓവറുകളില്‍ പുറത്താകുക കൂടി ചെയ്തതോടെ മത്സരം രഹാനെയും സംഘവും പിടിമുറുക്കി എന്നുറപ്പിച്ചതാണ്.
എന്നാല്‍, ശിവം ദുബേയും ഡിവാല്‍ഡ് ബ്രെവിസും ഒന്നിച്ച ആറാം വിക്കറ്റ് കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റി. വരുണ്‍ ചക്രവര്‍ത്തിയും നരൈനും ചേര്‍ന്ന് വരിഞ്ഞുമുറുക്കിയെങ്കിലും ബ്രെവിസ് പതിയെ ഗിയര്‍ മാറ്റിയതോടെ കളി വീണ്ടും ചെന്നൈയുടെ വരുതിയിലേക്ക്. സിംഗിളും ഡബിളും ഇടവേളകളില്‍ ബൗണ്ടറികളും സിക്‌സറുകളും കണ്ടെത്തി താരം സ്‌കോര്‍വേഗം കൂട്ടി. ദുബേ ഉറച്ച പിന്തുണയുമായി ഒപ്പംനിന്നു.
ഒടുവില്‍ വൈഭവ് അറോറ എറിഞ്ഞ ഓവറുടെ കളി പൂര്‍ണമായും ചെന്നൈ നിയന്ത്രണത്തിലാക്കി. വൈഭവിനെ മൂന്നുവീതം സിക്‌സറും ബൗണ്ടറിയും പറത്തി ബ്രെവിസ് ഗാലറിയെ ഇളക്കിമറിച്ചു. 30 റണ്‍സ് ആണ് ആ ഓവറില്‍ പിറന്നത്. 22 പന്തില്‍ ഐപിഎല്ലിലെ കന്നി ഫിഫ്റ്റിയും സ്വന്തമാക്കി താരം. വരുണ്‍ ചക്രവര്‍ത്തിയുടെ അവസാന ഓവറില്‍ കൂറ്റനടിക്കു ശ്രമിച്ച് ബ്രെവിസ് പുറത്താകുകയും ചെയ്തു. 25പന്ത് നേരിട്ട് നാലുവീതം ബൗണ്ടറിയും സിക്‌സറും പറത്തി 52 റണ്‍സെടുത്താണു താരം മടങ്ങിയത്.
ബ്രെവിസ് പോയതോടെ ചെന്നൈ മറ്റൊരു തോല്‍വി കൂടി മണത്തതാണ്. എന്നാല്‍, ധോണി ക്രീസിലെത്തിയതോടെ ദുബേ ഗിയര്‍ മാറ്റിയതോടെ ടീമിന്റെ സമ്മര്‍ദം കുറഞ്ഞു. ഒടുവില്‍ അവസാന ഓവറില്‍ ധോണിയും കാംബോജും ചേര്‍ന്ന് ടീമിനെ ഫിനിഷിങ് ലൈനിലെത്തിക്കുകയും ചെയ്തു. 40 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 45 റണ്‍സെടുത്ത് പുറത്തായ ദുബേയുടെ ഇന്നിങ്‌സും വിജയത്തില്‍ നിര്‍ണായകമായി.