തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ഔദ്യോഗികമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. സ്വകാര്യ ഹോട്ടലില്‍ കെസിഎല്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലാണ് ലീഗ് ലോഞ്ചിങ് നിര്‍വഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യ അതിഥിയായിരുന്നു. സെപ്റ്റംബര്‍ രണ്ട് മുതല്‍ 18 വരെയാണ് പോരാട്ടങ്ങള്‍. ആറ് ടീമുകളാണ് ലീഗില്‍ കളിക്കുന്നത്. ട്രിവാന്‍ഡ്രം റോയല്‍സ്, അലപ്പി റിപ്പ്ള്‍സ്, ഏരിസ് കൊല്ലം സെയ്ലേഴ്സ്, കൊച്ചി ബ്ലു ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നിവയാണ് ടീമുകള്‍.
ആറ് ടീമുകളേയും ചടങ്ങില്‍ അവതരിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ട്രോഫിയും പ്രകാശനം ചെയ്തു. അബ്ദുല്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ള്‍സ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്ലേഴ്സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.