തിരുവനന്തപുരം:കേരളാ ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ആദ്യ തോല്‍വി. കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് കൊല്ലത്തിന് തടയിട്ടത്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ കൊല്ലത്തെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 18 റണ്‍സിനാണു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 18.1 ഓവറില്‍ 129 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ. കൊച്ചി ക്യാപ്റ്റന്‍ ബേസില്‍ തമ്പി മൂന്നു വിക്കറ്റുകള്‍ നേടി. പി.എസ്. ജെറിന്‍, ജി. അനൂപ്, ഷൈന്‍ ജോണ്‍ ജേക്കബ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പരാജയപ്പെട്ടെങ്കിലും ആറു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടിയ കൊച്ചി ഇന്ന് തകര്‍പ്പന്‍ ഫോമില്‍ തിരിച്ചെത്തുകയായിരുന്നു. രണ്ടു ജയങ്ങളുമായി കൊച്ചിക്കു നാലു പോയിന്റായി. ടോസ് ലഭിച്ച കൊച്ചി 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണര്‍മാരായ അനന്തകൃഷ്ണനും (34 പന്തില്‍ 54), ജോബിന്‍ ജോബിയും (50 പന്തില്‍ 51) അര്‍ധ സെഞ്ചറി നേടി.
ബാറ്റിങ്ങിനിടെ പരിക്കേറ്റ് അനന്തകൃഷ്ണന്‍ ഇടയ്ക്ക് ക്രീസ് വിട്ടിരുന്നു. തുടര്‍ന്നെത്തിയ അനൂജ് ജോതിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 11 പന്തില്‍ 13 റണ്‍സാണു താരം നേടിയത്. മൂന്നു മുന്‍നിര ബാറ്റര്‍മാര്‍ക്കു മാത്രമാണ് കൊച്ചിക്കായി രണ്ടക്കം കടക്കാന്‍ സാധിച്ചത്. 13.4 ഓവറില്‍ രണ്ടിന് 107 എന്ന നിലയില്‍നിന്ന് 39 റണ്‍സെടുക്കുന്നതിനിടെ കൊച്ചിയുടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായി.
ഏരീസ് കൊല്ലത്തിനായി കെ എം. ആസിഫ് നാലും ഷറഫുദ്ദീന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 24 പന്തില്‍ 49 റണ്‍സെടുത്ത ഷറഫുദ്ദീന്‍, 22 പന്തില്‍ 23 റണ്‍സെടുത്ത് വത്സല്‍ ഗോവിന്ദ്, 15 പന്തില്‍ 20 റണ്‍സെടുത്ത് മുഹമ്മദ് ഷാനു എന്നിവരാണു കൊല്ലത്തിനായി തിളങ്ങിയത്.