തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്ലേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഞ്ച് വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ ആലപ്പിക്ക് 8 വിക്കറ്റിന് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.164 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ആലപ്പിക്ക് മികച്ച തുടക്കം ലഭിച്ചു. റിപ്പിള്‍സിനായി നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കസറി. 38 പന്തില്‍ 5 ഫോറും 2 സിക്സും ഉള്‍പ്പെടെ 56 റണ്‍സാണ് അദ്ദേഹം നേടിയത്. കൃഷ്ണ പ്രസാദ് 26 പന്തില്‍ 4 ഫോറടക്കം 28 റണ്‍സും നേടി. മൂന്നാമന്‍ വിനൂപ് മനോഹരന്‍ 27 പന്തില്‍ 4 ഫോറും 1 സിക്സുമടക്കം 36 റണ്‍സും നേടി. എന്നാല്‍ പിന്നീട് ആലപ്പി കളി കൈവിട്ടു. അക്ഷയ് ചന്ദ്രന്‍ 2 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അക്ഷയ് ടികെ 3 റണ്‍സും നേടി. നീല്‍ സണ്ണി നാല് റണ്‍സെടുത്തപ്പോള്‍ ഉജ്ജ്വല്‍ കൃഷ്ണ എട്ട് റണ്‍സും നേടി.
ആല്‍ഫി ഫ്രാന്‍സിസ് ഗോള്‍ഡന്‍ ഡെക്കായി. ഫസില്‍ ഫനൂസ് 8 പന്തില്‍ 15 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും 8 വിക്കറ്റിന് 161 റണ്‍സെടുക്കാനെ ആലപ്പിക്കായുള്ളൂ. ഇതോടെ രണ്ട് റണ്‍സിന് കൊല്ലം സെയ്‌ലേഴ്‌സ് ജയിച്ചു. കൊല്ലത്തിനായി ബിജു നാരായണന്‍ മൂന്നും ഷറഫുദ്ദീന്‍, കെ എം ആസിഫ് എന്നിവര്‍ രണ്ടും ബേസില്‍ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലം സെയ്ലേഴ്സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. അരുണ്‍ പൗലോസ് 19 പന്തില്‍ 17 റണ്‍സെടുത്തു. 2 ഫോറും 1 സിക്സുമാണ് അരുണ്‍ നേടിയത്. അഭിഷേക് നായര്‍ 27 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 26 റണ്‍സും അടിച്ചെടുത്തു. മൂന്നാം നമ്പറിലിറങ്ങിയ നായകന്‍ സച്ചിന്‍ ബേബിയുടെ പ്രകടനമാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. 33 പന്തില്‍ 5 ഫോറും 3 സിക്സും ഉള്‍പ്പെടെ 56 റണ്‍സോടെയാണ് സച്ചിന്‍ കസറിയത്.
169.69 സ്ട്രൈക്ക് റേറ്റിലായിരുന്നു സച്ചിന്റെ പ്രകടനം. വത്സല്‍ ഗോവിന്ദ് നിരാശപ്പെടുത്തി. 8 പന്ത് നേരിട്ട് നാല് റണ്‍സാണ് വത്സല്‍ നേടിയത്. എന്നാല്‍ മധ്യനിരയില്‍ രാഹുല്‍ ശര്‍മ കടന്നാക്രമിച്ചു. 24 പന്തില്‍ 2 ഫോറും 3 സിക്സും ഉള്‍പ്പെടെ 40 റണ്‍സോടെ രാഹുല്‍ പുറത്താവാതെ നിന്നു. 166.66 സ്ട്രൈക്ക് റേറ്റിലാണ് രാഹുല്‍ കസറിയത്. ഷറഫുദ്ദീന്‍ മൂന്ന് പന്ത് നേരിട്ട് 1 റണ്‍സുമായി മടങ്ങി. വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ 6 പന്തില്‍ ഒരു സിക്സും ഫോറുമടക്കം 11 റണ്‍സാണ് നേടിയത്.എട്ട് റണ്‍സ് എക്സ്ട്രാസും ലഭിച്ചു. ഇതോടെ 5 വിക്കറ്റിന് 163 എന്ന ഭേദപ്പെട്ട നിലയിലേക്കെത്താന്‍ കൊല്ലത്തിനായി. വിശ്വേശ്വര്‍ സുരേഷ് മൂന്ന് വിക്കറ്റുമായി കസറിയപ്പോള്‍ ആനന്ദ് ജോസഫും വിഗ്‌നേഷ് പുത്തൂരും ഒരു വിക്കറ്റും നേടി.