തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിനു മറികടന്ന് ഏരീസ് കൊല്ലം സെയിലേഴ്സ്. അവസാന ഓവറിലേക്കു നീണ്ട മല്‍സരത്തില്‍ ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കൊല്ലത്തിന്റെ വിജയം.
173 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്ലത്തിനു കാലിക്കറ്റ് നല്‍കിയത്. സച്ചിന്‍ ബേബിയുടെ ടീം 19.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ ഓപ്പണര്‍ ചന്ദ്രതേജസിനെ (4) ഏരീസ് കൊല്ലം സെയിലേഴ്സിന് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു കൊല്ലം. ഓപ്പണര്‍ അരുണ്‍ പൗലോസ് 24 ബോളില്‍ നാലു വീതം ഫോറും സിക്സറുമടക്കം 44 റണ്‍സ് നേടി തിരിച്ചടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 31 ബോളില്‍ നാലു ഫോറുകളോടെ 34 റണ്‍സ് നേടി. അനന്തു സുനില്‍ (24), ഷറഫുദ്ദീന്‍ (20) എന്നിവരും റണ്‍ചേസില്‍ ടീമിനായി മിന്നിച്ചു.
നേരത്തെ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ (61) കിടിലന്‍ ഫിഫ്റ്റിയാണ് കാലിക്കറ്റ് ഹീറോസിനെ അഞ്ചു വിക്കറ്റിനു 172 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. 48 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്സറുമാണ് രോഹന്‍ നേടിയത്. ഓപ്പണര്‍ ഒമര്‍ അബൂബര്‍ (47), സല്‍മാന്‍ നിസാര്‍ (37) എന്നിവരുടെ ഇന്നിങ്സുകളും ടീമിനു കരുത്തായി.28 ബോളില്‍ ഏഴു സിക്സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു ഒമറിന്റെ ഇന്നിങ്സ്. 26 ബോളില്‍ രണ്ടു വീതം ഫോറും സിക്സറുമടക്കമാണ് സല്‍മാന്‍ 37 റണ്‍സ് സ്‌കോര്‍ ചെയ്തത്.ഏരീസിനു വേണ്ടി ബൗളിങില്‍ മികച്ചു നിന്നത് ആഷിക്ക് മുഹമ്മദാണ്. രണ്ടു വിക്കറ്റുകള്‍ താരം നേടി.
ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ പ്ലേഓഫിനു തൊട്ടരികിലെത്താന്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ കാലിക്കറ്റിനു സാധിക്കുമായിരുന്നു. തലപ്പത്തുള്ള കൊല്ലമാവട്ടെ നേരത്തേ തന്നെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ടീമാണ്.