ജയ്പ്പൂര്‍: ഐ.പി.എല്‍ 18-ാം എഡിഷനില്‍ ബംഗളൂരുവിന്റെ കുതിപ്പ് തുടരുന്നു. റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാനെ അവരുടെ സ്വന്തം തട്ടകത്തില്‍ തോല്‍പിച്ച് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായിരിക്കുകയാണ് ആര്‍.സി.ബി. ഓപണര്‍ ഫില്‍ സാള്‍ട്ടിന്റെ(65) വെടിക്കെട്ട് ബാറ്റിങ്ങിന്റെയും സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ(62*) മിന്നും അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ(75) മനോഹരമായ അര്‍ധസെഞ്ച്വറി പ്രകടനം ബംഗളൂരുവിന്റെ ആധികാരിക പ്രകടനത്തില്‍ മുങ്ങിപ്പോയി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സ് എന്ന വിജയലക്ഷ്യം 15 പന്ത് ബാക്കിനില്‍ക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിനു ഒരു അവസരം ഇട്ടുകൊടുത്തതാണ് സാള്‍ട്ട്. ആ അവസരം മുതലാക്കാന്‍ പക്ഷേ രാജസ്ഥാന്‍ നായകനായില്ല. അതിനുശേഷം രാജസ്ഥാന്‍ ചിത്രത്തിലും ഉണ്ടായിരുന്നില്ല.
പവര്‍പ്ലേ മുതല്‍ സിക്‌സറുകളും ബൗണ്ടറികളുമായി രാജസ്ഥാന്‍ ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല സാള്‍ട്ട്. മറ്റൊരറ്റത് കോഹ്ലി തപ്പിത്തടഞ്ഞപ്പോഴും മറുവശത്ത് സാള്‍ട്ട് സ്വതസിദ്ധമായ ശൈലിയില്‍ ആക്രമണം തുടര്‍ന്നു. ബൗളര്‍മാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും സഞ്ജുവിനു രക്ഷയുണ്ടായിരുന്നില്ല. കോഹ്ലിയും സാള്‍ട്ടും വീണ്ടും അവസരങ്ങള്‍ പലതും ഇട്ടുകൊടുത്തിട്ടും തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു ഇന്ന് ആതിഥേയര്‍ക്ക്. ഒടുവില്‍ ഇംപാക്ട് പ്ലേയര്‍ കുമാര്‍ കാത്തികേയ എറിഞ്ഞ ഒന്‍പതാം ഓവറിലാണ് ഡീപ് മിഡ്‌വിക്കറ്റില്‍ ജയ്‌സ്വാള്‍ പിടിച്ചുപിടിച്ച് സാള്‍ട്ട് പുറത്തായത്. അപ്പോഴേക്കും മത്സരം രാജസ്ഥാനു തിരിച്ചുപിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു. 33 പന്തില്‍ അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും പറത്തി 65 റണ്‍സെടുത്താണ് സാള്‍ട്ട് മടങ്ങിയത്.
മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ അല്‍പം കഷ്ടപ്പെട്ടെങ്കിലും അതു വിക്കറ്റാക്കി മാറ്റാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായില്ല. ട്രാക്കിലെത്തിയതോടെ ബൗണ്ടറികളുമായി കളം നിറഞ്ഞുകളിക്കുകയും ചെയ്തു പടിക്കല്‍. ഇതേസമയത്ത് കോഹ്ലി സിംഗിളും ഡബിളുമായി ഫിനിഷിങ് ദൗത്യം ഏറ്റെടുത്തു കളിക്കുകയായിരുന്നു. ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്താനും മറന്നില്ല. ഒടുവില്‍ സന്ദീപ് ശര്‍മ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്കു പറത്തി പടിക്കല്‍(40*) ബംഗളൂരുവിന് സീസണിലെ നാലാം വിജയം സമ്മാനിക്കുകയും ചെയ്തു.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന രാജസ്ഥാന് ജയ്‌സ്വാളിന്റെ മിന്നും ഫിഫ്റ്റി ഒഴിച്ചുനിര്‍ത്തിയാല്‍ ആശ്വസിക്കാന്‍ ഒന്നുമില്ല. പന്ത് ഹിറ്റ് ചെയ്യാനും റണ്‍സ് കണ്ടെത്താനുമാകാതെ നായകന്‍ സഞ്ജു സാംസണ്‍ തപ്പിത്തടയുന്നതാണു തുടക്കം തൊട്ടേ കണ്ടത്. ക്ഷമകെട്ട് ക്രുണാന്‍ പാണ്ഡ്യയെ ക്രീസ് വിട്ട് അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചതു പാളുകയും ചെയ്തു. പാണ്ഡ്യയ്ക്കു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 19 പന്തില്‍ 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്നുവന്ന റിയാന്‍ പരാഗും(30), ധ്രുവ് ജുറേലും(35), ഷിംറോണ്‍ ഹെറ്റ്‌മെയറും(ഒന്‍പത്) റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. ജയ്‌സ്വാളിന്റെ ഒറ്റയാള്‍ പ്രകടനം കൂടി ഇല്ലെങ്കില്‍ ബംഗളൂരുവിന് ഇതിലും എളുപ്പമാകുമായിരുന്നു കാര്യങ്ങള്‍. 47 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതമാണ് ജയ്‌സ്വാള്‍ 75 റണ്‍സെടുത്തത്.
ആര്‍.സി.ബി ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിങ്ങനെ നാലുപേര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.