ദുബായ്: വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ വമ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍. ഏഷ്യന്‍ ചാംപ്യന്‍മാരായ ലങ്കയെ 82 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. ഈ ജയത്തോടെ സെമി പ്രതീക്ഷയും ഇന്ത്യ കാത്തു. ൗ മല്‍സരത്തിനു മുമ്പ് ഗ്രൂപ്പ് എയില്‍ നാലാമതായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്തേക്കു കയറുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്തി. വെള്ളിയാഴ്ച അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ വീഴ്ത്താനായാല്‍ ഇന്ത്യക്കു സെമിയിലേക്കു പ്രവേശിക്കാം.
173 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലങ്കയ്ക്കു നല്‍കിയത്. പക്ഷെ അവരുടെ ടീം ടോട്ടല്‍ മൂന്നക്കം പോലുമെത്തിയില്ല. ഒരു ബോള്‍ ബാക്കിനില്‍ക്കെ വെറും 90 റണ്‍സിനു ലങ്കന്‍ ടീം ഓള്‍ഔട്ടാവായി. കവിഷ ദില്‍ഹാരി (21), അനുഷ്‌ക സഞ്ജീവനി (20), അമ കാഞ്ചന (19) എന്നിവരൊഴികെ ലങ്കന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും പിടിച്ചുനിന്നില്ല.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അരുന്ധതി റെഡ്ഡിയും മലയാളി താരം ആശ ശോഭനയും ചേര്‍ന്നാണ് ലങ്കയെ തരിപ്പണമാക്കിയത്. രണ്ടു വിക്കറ്റുകളെടുത്ത രേണുക താക്കൂര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ശ്രേയങ്ക പാട്ടീലും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്്ത ഇന്ത്യ മൂന്നു വിക്കറ്റ് ഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (52*) സ്മൃതി മന്ദനയുടെയും (50) ഫിഫ്റ്റികള്‍ ഇന്ത്യക്കു കരുത്താവുകയായിരുന്നു. 27 ബോളിലാണ് എട്ടു ഫോറും ഒരു സിക്സറുമടക്കം ഹര്‍മന്‍പ്രീത് 52 റണ്‍സ് അടിച്ചെടുത്തത്.
സ്മൃതി 38 ബോളില്‍ നാലു ഫോറുകളും ഒരു സിക്സറുമടിച്ചു. 43 റണ്‍സെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ മറ്റൊരുപ്രധാന സ്‌കോറര്‍. 40 ബോളില്‍ താരം നാലു ഫോറുകളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി- ഷഫാലി ജോടി 98 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.