ദുബായ്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. പാകിസ്താനെതിരേ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് തുടക്കം മുതലെ മിന്നും ഫോമിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 105 പിടിച്ചുകെട്ടിയാണ് ഇന്ത്യ ശക്തി തെളിയിച്ചത്.
മറുപടി ബാറ്റിങില്‍ ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മ (35 പന്തില്‍ 32 റണ്‍സ്), റൊഡ്രിഗസ്(23), ഹര്‍മന്‍പ്രീത് കൗര്‍ (29) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച് ഇന്ത്യയ്ക്ക് ജയമൊരുക്കി. സ്മൃതി മന്ഥാന ഏഴ് റണ്‍സെടുത്ത് പുറത്തായി. റിച്ചാ ഘോഷ് ഗോള്‍ഡന്‍ ഡക്കായി.ദീപ്തി ശര്‍മ്മ ഏഴ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം സഞ്ജനാ സജീവന്‍ നാല് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സഞ്ജനയാണ് ഫോറടിച്ച് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
ആദ്യം ബാറ്റേന്തിയ പാകിസ്താനായി നിദാ ദര്‍ 28 റണ്‍സ് നേടി ടോപ് സ്‌കോററായി. തുടക്കം മുതല്‍ ഇന്ത്യ മികച്ച ബൗളിങ് പുറത്തെടുത്തു. ഇന്ത്യയ്ക്കായി അരുന്ധതി റെഡി മൂന്ന് വിക്കറ്റ് നേടി. മലയാളി താരം ആശാ ശോഭന, രേണുക സിങ്, ദീപ്തി ശര്‍മ്മ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.