മുള്‍ട്ടാന്‍: മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556 റണ്‍സിന് മറുപടിയായി നാലാം ദിനം ഇംഗ്ലണ്ടിന് 267 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇംഗ്ലിഷ് ബാറ്റ്‌സ്മാനാണ് ബ്രൂക്ക്. 310 പന്തില്‍ നിന്നാണ് താരം ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 28 ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് ഇന്നിങ്‌സ്. ആന്റി സാന്റം, ലെന്‍ ഹുട്ടന്‍, വാലി ഹാമൗണ്ട്, ഗ്രഹാം ഗൗച്ച്, ബില്‍ എഡ്രിച്ച് എന്നിവരാണ് ഇതിന് മുമ്പ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരങ്ങള്‍.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്ക്-ജോ റൂട്ട് സഖ്യം 454 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ടാണിത്. 823 റണ്‍സടിച്ച ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ തങ്ങളുടെ ഉയര്‍ന്ന ടീം ടോട്ടലും കുറിച്ചു. 2022ല്‍ റാവല്‍പിണ്ടിയില്‍ നേടിയ 657 റണ്‍സായിരുന്നു പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
നേരത്തെ ഇംഗ്ലണ്ടിനായി ഡബിള്‍ സെഞ്ചുറി നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറിയ രണ്ടാമത്തെ താരമായി. 262 റണ്‍സെടുത്ത റൂട്ടിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 375 പന്തില്‍ 17 ബൗണ്ടരികള്‍ പറത്തിയാണ് റൂട്ട് 262 റണ്‍സെടുത്തത്. കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി നേടിയ റൂട്ട് അഞ്ച് ഡബിള്‍ സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കിനെ പിന്നിലാക്കി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി. ഏഴ് ഡബിള്‍ സെഞ്ചുറികളുള്ള വാലി ഹാമണ്ട് മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.
ട്രിപ്പിള്‍ തികച്ചതിന് പിന്നാലെ ഹാരി ബ്രൂക്ക് മടങ്ങി. 322 പന്തില്‍ 29 ഫോറും മൂന്ന് സിക്‌സും പറത്തിയ ബ്രൂക്ക് 317 റണ്‍സടിച്ചു. ജാമി സ്മിത്ത്(24 പന്തില്‍ 31), ഗുസ് അറ്റ്കിന്‍സണ്‍(2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്. 17 റണ്‍സുമായി ക്രിസ് വോക്‌സും ഒമ്പത് റണ്‍സോടെ ബ്രെയ്ഡന്‍ കാഴ്‌സും പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയ്യിം അയൂബും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.