അഹ്‌മദാബാദ്: സണ്‍റൈസേഴ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. തുടര്‍തോല്‍വികളില്‍നിന്നൊരു ആശ്വാസജയം മാത്രമായിരുന്നു അവര്‍ കൊതിച്ചത്. എന്നാല്‍, പ്ലേഓഫില്‍ മത്സരം കടുക്കുമ്പോള്‍ ഗുജറാത്തിന് ഓരോ മത്സരവും നിര്‍ണായകമായിരുന്നു. ആ വീറും വാശിയും ശുഭ്മന്‍ ഗില്ലും സംഘവും പുറത്തെടുത്തപ്പോള്‍ 38 റണ്‍സിനാണ് ടൈറ്റന്‍സ് ഹൈദരാബാദിനെ വീഴ്ത്തിയത്. അര്‍ധസെഞ്ച്വറി പ്രകടനങ്ങളുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും(76) ജോസ് ബട്‌ലറുമാണ്(64) ആതിഥേയരെ 224 എന്ന മികച്ച ടോട്ടലിലേക്ക് നയിച്ചത്.
ആതിഥേയര്‍ ഉയര്‍ത്തിയ വന്‍ ടോട്ടലിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് വെടിക്കെട്ട് തുടക്കമാണ് ഓപണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു സമ്മാനിച്ചത്. ഗുജറാത്തിന്റെ പവര്‍പ്ലേ സ്‌കോറിനൊപ്പം എത്താനായില്ലെങ്കിലും ഹെഡിന്റെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് സണ്‍റൈസേഴ്‌സ് ആദ്യ ആറ് ഓവറില്‍ നേടിയത്. പ്രസിദ് കൃഷ്ണയുടെ പന്തില്‍ ഹെഡിനെ(20) കിടിലന്‍ ക്യാച്ചിലൂടെ റാഷിദ് ഖാന്‍ പിടികൂടുകയായിരുന്നു.
മുന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഹെണ്‍റിച്ച് ക്ലാസനും ചേര്‍ന്ന് ഒരുഘട്ടത്തില്‍ മത്സരം ഗുജറാത്തില്‍നിന്ന് തട്ടിപ്പറിക്കുമോ എന്നു തോന്നിച്ചതാണ്. പഴയ ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് സിക്‌സര്‍ മഴകളുമായി കളം നിറഞ്ഞാടുകയായിരുന്നു. ഒടുവില്‍ ഇഷാന്ത് ശര്‍മ എറിഞ്ഞ 15-ാം ഓവറില്‍ ഇടങ്കയ്യന്‍ ബാറ്ററുടെ പോരാട്ടം അവസാനിച്ചു. 41 പന്തില്‍ ആറ് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 74 റണ്‍സെടുത്താണു താരം മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ക്ലാസന്‍(23) കൂടി മടങ്ങിയതോടെ സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരുന്നു. വാലറ്റത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും(10 പന്തില്‍ 21) പാറ്റ് കമ്മിന്‍സും(10 പന്തില്‍ 19) തകര്‍ത്തടിച്ചെങ്കിലും അപ്പോഴേക്കും കളി കൈവിട്ടിരുന്നു.
നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുനല്‍കി പ്രസിദ് കൃഷ്ണയാണ് ടൈറ്റന്‍സ് ബൗളിങ് ആക്രമണം നയിച്ചത്. മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മയ്ക്കും ജെറാള്‍ഡ് കൂറ്റ്‌സിക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നിട്ടും മികച്ച ടോട്ടലാണ് ഗുജറാത്ത് ഉയര്‍ത്തിയത്. ടൈറ്റന്‍സിന്റെ കരുത്തായ ഓപണിങ് കൂട്ടുകെട്ട് പതിവുപോലെ നിറഞ്ഞാടിയപ്പോള്‍ 82 റണ്‍സാണ് പവര്‍പ്ലേയില്‍ ആതിഥേയര്‍ അടിച്ചെടുത്തത്. സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും ബാറ്റില്‍നിന്ന് ബൗണ്ടറികളുടെ പ്രവാഹമായിരുന്നു. സായിയെ വിക്കറ്റിനു പിന്നില്‍ ഹെണ്‍റിച്ച് ക്ലാസന്റെ കൈകളിലെത്തിച്ച് സീഷാന്‍ അന്‍സാരിയാണ് ഒടുവില്‍ സണ്‍റൈസേഴ്‌സിന് ബ്രേക്ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ ഒന്‍പത് ബൗണ്ടറികളുമായി അര്‍ധസെഞ്ച്വറിക്ക് രണ്ടു റണ്‍സകലെയാണ് താരം വീണത്.
പിന്നീട് രണ്ടാം വിക്കറ്റില്‍ ഗില്ലും ജോസ് ബട്‌ലറും ചേര്‍ന്നുള്ള അഴിഞ്ഞാട്ടമായിരുന്നു. ഇരുവരും ചേര്‍ന്ന് പരിചയസമ്പന്നരായ ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. വാഷിങ്ടണ്‍ സുന്ദറിന്റെ കാമിയോ കൂടിയായതോടെ ടീം ടോട്ടല്‍ 224ല്‍ എത്തിനില്‍ക്കുകയായിരുന്നു. ഗില്‍ 38 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 76 റണ്‍സെടുത്തപ്പോള്‍, ബട്‌ലര്‍ 37 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും പറത്തി 64 റണ്‍സുമെടുത്തു.