ന്യൂഡല്‍ഹി: സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും അപാരഫോമില്‍ നിറഞ്ഞാടിയ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായി പ്ലേഓഫിലേക്കു മാര്‍ച്ച് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്. കെ.എല്‍ രാഹുലിന്റെ സെഞ്ച്വറിയുടെ(112) കരുത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 200 വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്. സായ് സെഞ്ച്വറിയുമായും(108) ഗില്‍ സെഞ്ച്വറിയോളം പോന്ന പ്രകടനവുമായും(93) ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഡല്‍ഹിയുടെ തോല്‍വിയോടെ പഞ്ചാബ് കിങ്‌സും ആദ്യ നാലില്‍ ഇടം ഉറപ്പിച്ചിരിക്കുകയാണ്. വൈകീട്ടു നടന്ന നാടകീയ മത്സരത്തില്‍ രാജസ്ഥാനെതിരെ പഞ്ചാബ് കിങ്‌സ് പത്ത് റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. നേഹാല്‍ വധേരയുടെ(70) വെടിക്കെട്ട് ഇന്നിങ്‌സും ശശാങ്ക് സിങ്ങിന്റെ(59) അര്‍ധസെഞ്ച്വറിയുമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
രണ്ടാം മത്സരത്തില്‍ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ടൈറ്റന്‍സിന് ഡല്‍ഹി ഓപണര്‍ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റിലൂടെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കെ.എല്‍ രാഹുല്‍ മത്സരം നിയന്ത്രണത്തിലാക്കുകയായിരുന്നു. മികച്ച സ്‌ട്രോക്ക് പ്ലേകളുമായി കളം നിറഞ്ഞുകളിച്ച രാഹുല്‍ മറ്റൊരറ്റത്ത് അഭിഷേക് പൊറേലിനെയും(19 പന്തില്‍ 30) അക്‌സര്‍ പട്ടേലിനെയും(16 പന്തില്‍ 25) ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും(10 പന്തില്‍ 21) കൂട്ടുപിടിച്ചാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്കു നയിച്ചത്. സീസണിലെ ആദ്യത്തെ സെഞ്ച്വറിയും കുറിച്ചു രാഹുല്‍. 65 പന്ത് നേരിട്ട് 14 ബൗണ്ടറിയും നാല് സിക്‌സറും പറത്തി 112 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു.
ഗുജറാത്തിന്റെ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ പന്ത് മുതല്‍ വിപ്രാജ് നിഗം എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തു വരെ ടൈറ്റന്‍സ് ഓപണര്‍മാരുടെ നിറഞ്ഞാട്ടമായിരുന്നു. കുറ്റമറ്റ ക്ലാസ് ബാറ്റിങ്ങിന്റെ നയനാന്ദകരമായ പ്രദര്‍ശനമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കണ്ടത്. നിര്‍ണായകമായ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനിറങ്ങിയ അക്‌സര്‍ പട്ടേലിനും സംഘത്തിനും ഒരിക്കല്‍ പോലും ആശ്വസിക്കാനുള്ള വക നല്‍കിയില്ല ഇരുവരും.
ഒടുവില്‍ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയും കുറിച്ച് റണ്‍വേട്ട തുടര്‍ന്നു സായ്. 56 പന്തിലാണ് താരം സെഞ്ച്വറി പിന്നിട്ടത്. ഡല്‍ഹിയുടെ ഇന്നിങ്‌സ് 200ല്‍ ഒതുങ്ങിയതുകൊണ്ടുമാത്രം ഗില്ലിന് അര്‍ഹിച്ച സെഞ്ച്വറി വെറും ഏഴ് റണ്‍സകലെയും നഷ്ടമായി. സായ് 61 പന്ത് നേരിട്ട് 12 ബൗണ്ടറിയും നാല് സിക്‌സറും സഹിതം 108 റണ്‍സെടുത്തപ്പോള്‍, ഗില്‍ 53 പന്തില്‍ ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 93 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
വൈകീട്ടു നടന്ന മത്സരത്തില്‍ അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്നപ്പോള്‍ പത്ത് റണ്‍സിന് ജയം പിടിച്ചെടുക്കുകയായിരുന്നു പഞ്ചാബ്. ജയ്പ്പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 220 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് സന്ദര്‍ശകര്‍ ഉയര്‍ത്തിയത്. നേഹാല്‍ വധേര 37 പന്ത് നേരിട്ട് അഞ്ചു വീതം സിക്‌സറും ബൗണ്ടറിയും പറത്തി 70 റണ്‍സെടുത്താണ് ടീമിനെ മികച്ച ടോട്ടലിലേക്കു നയിച്ചത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോഴും ശ്രേയസ് അയ്യരും(25 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 30) ശശാങ്ക് സിങ്ങും(30 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 59) വധേരയ്ക്ക് ഉറച്ച പിന്തുണയും നല്‍കി. ഒടുവില്‍ അസ്മത്തുല്ല ഉമര്‍സായിയുടെ വെടിക്കെട്ട് കാമിയോ(ഒന്‍പത് പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 21) ആണ് ടീമിനെ മികച്ച ടോട്ടലിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ഓപണര്‍മാര്‍ ഗംഭീര തുടക്കം നല്‍കിയിട്ടും രാജസ്ഥാന് വിജയതീരത്തെത്താനായില്ല. യശസ്വി ജയ്‌സ്വാളും(25 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 50) വൈഭവ് സൂര്യവംശിയും(15 പന്തില്‍ നാലുവീതം ബൗണ്ടറിയും സിക്‌സറും സഹിതം 40) തകര്‍ത്തു കളിച്ചപ്പോള്‍ പവര്‍പ്ലേയില്‍ 89 എന്ന മികച്ച സ്‌കോറാണ് രാജസ്ഥാന്‍ ഉയര്‍ത്തിയത്. വൈഭവും ജയ്‌സ്വാളും മടങ്ങിയ ശേഷം അറ്റാക്കിങ് ഏറ്റെടുത്ത സഞ്ജു സാംസണിനും പിഴച്ചതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ഇടവേളകളില്‍ പഞ്ചാബ് കിങ്‌സ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ കണ്ടെത്തുക കൂടി ചെയ്തതോടെ ആതിഥേയര്‍ക്കു കരകയറുക ദുഷ്‌ക്കരമായി.
എന്നാല്‍, ധ്രുവ് ജുറേലിന്റെ അര്‍ധസെഞ്ച്വറി(31 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 53) പ്രകടനം രാജസ്ഥാന് അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും 20-ാം ഓവറിലെ മൂന്നാം പന്തില്‍ താരം വീണതോടെ പഞ്ചാബ് മത്സരം തിരിച്ചുപിടിച്ചു. വനിന്ദു ഹസരംഗയെ കൂടി വീഴ്ത്തി സന്ദര്‍ശകര്‍ നിര്‍ണായക വിജയം തട്ടിയെടുക്കുകയായിരുന്നു.