ന്യൂഡല്‍ഹി: ഐപിഎല്‍ 18-ാം സീസണിന്റെ രണ്ടാം പാതി പുരോഗമിക്കുമ്പോള്‍ പ്ലേഓഫിനായുള്ള മത്സരവും കടുക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബൗള്‍ ചെയ്ത് ആതിഥേയരെ 163 എന്ന ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയ ശേഷം ക്രുണാല്‍ പാണ്ഡ്യയും(73*), വിരാട് കോഹ്ലിയും(51) ചേര്‍ന്ന് സെന്‍സിബിള്‍ ഇന്നിങ്‌സിലൂടെ ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഓള്‍റൗണ്ട് മികവുമായി ക്രുണാല്‍ തന്നെയാണ് മത്സരത്തിലെ താരമായത്. എവേ ഗ്രൗണ്ടില്‍ തുടര്‍ച്ചയായ ആറാം ജയം കൂടിയാണ് ഇന്ന് ബംഗളൂരു കുറിച്ചത്.
ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ പതര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. അരങ്ങേറ്റക്കാരന്‍ ജേക്കബ് ബെഥല്‍, ഇംപാക്ട് താരം ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ രജത് പട്ടിദാര്‍ എന്നിങ്ങനെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ പവര്‍പ്ലേയില്‍ തന്നെ ഡല്‍ഹി ബൗളര്‍മാര്‍ കൂടാരം കയറ്റി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 35 എന്ന നിലയില്‍ പതറുകയായിരുന്നു ബംഗളൂരു.
എന്നാല്‍, പതിവ് സ്ഥാനം മാറ്റി അഞ്ചാം നമ്പറില്‍ ക്രുണാലിനെ ഇറക്കാനുള്ള ബംഗളൂരു തീരുമാനം മാസ്റ്റര്‍സ്‌ട്രോക്കായി മാറി. കോഹ്ലിയെ കൂട്ടുപിടിച്ച് അസാമാന്യമായ ചേസിങ് ഇന്നിങ്‌സ് നയിക്കുന്ന ക്രുണാലിനെയാണു പിന്നീട് കണ്ടത്. ചെറിയ ലക്ഷ്യത്തിലേക്ക് വളരെ സൂക്ഷിച്ചാണ് തുടക്കത്തില്‍ ഇരുവരും ബാറ്റേന്തിയത്. ടീമിനെ മൂന്നക്കം കടത്തിയ ശേഷം ക്രുണാല്‍ അറ്റാക്കിങ് ഏറ്റെടുത്തു. മികച്ച ഫോമിലുള്ള കോഹ്ലി ബൗണ്ടറികള്‍ കണ്ടെത്താന്‍ വിഷമിച്ചപ്പോഴായിരുന്നു മുകേഷ് കുമാര്‍ ഇട്ടുകൊടുത്ത ഒരു ഫുള്‍ടോസ് സിക്‌സറിനു പറത്തി താരം ഗിയര്‍ മാറ്റിയത്. അങ്ങനെ ഐപിഎല്‍ കരിയറിലെ രണ്ടാം അര്‍ധസെഞ്ച്വറി കുറിക്കുകയും ചെയ്തു. ക്രുണാലിനു പിന്നാലെ വളരെ വൈകിയാണെങ്കിലും കോഹ്ലിയും 50 പിന്നിട്ടു. 45 പന്തില്‍ നാല് ബൗണ്ടറികളോടെയായിരുന്നു കോഹ്ലി അര്‍ധസെഞ്ച്വറി കുറിച്ചത്.
ഫിനിഷറായെത്തിയ ടിം ഡേവിഡ് ലാസ്റ്റ് ഓവര്‍ നാടകത്തിലേക്കു നീട്ടിക്കൊണ്ടുപോകാതെ 19-ാം ഓവറില്‍ തന്നെ കളി തീര്‍ക്കുകയും ചെയ്തു. 47 പന്ത് നേരിട്ട ക്രുണാല്‍ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും പറത്തിയാണ് 73 റണ്‍സെടുത്തത്.
നേരത്തെ, ടോസ് നഷ്ടമായതു മുതല്‍ തുടങ്ങിയിരുന്നു ഡല്‍ഹിയുടെ ശനിദശ. പരിക്കു മാറി ടീമില്‍ തിരിച്ചെത്തിയ ഫാഫ് ഡുപ്ലെസിയുടെ(26 പന്തില്‍ 22) തപ്പിത്തടഞ്ഞുള്ള തുടക്കം അവസാനം വരെ ടീം സ്‌കോറിങ്ങിനെ ബാധിച്ചു. ഓപണിങ്ങില്‍ അഭിഷേക് പൊറേലിന്റെ വെടിക്കെട്ടും(11 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സറും സഹിതം 28), ഒടുക്കം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ(18 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 34) കത്തിക്കയറലും ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിലും പരിതാപകരമാകുമായിരുന്നു ഡല്‍ഹിയുടെ നില. 41 റണ്‍സുമായി കെ.എല്‍ രാഹുലാണ് ടീമിലെ ടോപ്‌സ്‌കോററെങ്കിലും അതിനകം 39 പന്ത് വിഴുങ്ങിയിരുന്നു താരം. നേടിയത് വെറും മൂന്ന് ബൗണ്ടറിയും.
ബംഗളൂരു ബൗളിങ് നിരയില്‍ മൂന്ന് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറാണ് കൂടുതല്‍ തിളങ്ങിയത്. ജോഷ് ഹേസല്‍വുഡിന് രണ്ടും യാഷ് ദയാലിനും ക്രുണാല്‍ പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.