ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ മലയാളി താരം കരുണ്‍ നായരുടെ ചടുലവും ചേതോഹരവുമായ തിരിച്ചുവരവിനു സാക്ഷിയായ ദിനം. ഡല്‍ഹി ജയിച്ചെന്നുറപ്പിച്ച മത്സരം. പക്ഷേ, മത്സരത്തിനൊടുക്കം അവിടെയൊരു ട്വിസ്റ്റ് കാത്തിരിപ്പുണ്ടായിരുന്നു. കരണ്‍ ശര്‍മയുടെ ബ്രേക്ത്രൂകളും ജസ്പ്രീത് ബുംറ എറിഞ്ഞ 18-ാം ഓവറിലെ നാടകീയതകള്‍ക്കുമൊടുവില്‍ അവസാനത്തെ ചിരി മുംബൈയുടേതായി. 18-ാം സീസണിലെ ഡല്‍ഹിയുടെ അപരാജിത ജൈത്രയാത്രയ്ക്ക് അങ്ങനെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കോട്‌ല മൈതാനത്തുതന്നെ മുംബൈ സുല്ലിട്ടു. ഒരു ഓവര്‍ ബാക്കിനില്‍ക്കെ 12 റണ്‍സിനു വിജയം പിടിച്ചെടുത്ത മുംബൈ തുടര്‍തോല്‍വികളുടെ ക്ഷീണം തീര്‍ക്കുകയും ചെയ്തു.
മികച്ച ഫോമിലുള്ള തിലക് വര്‍മയുടെ അര്‍ധസെഞ്ച്വറിയും(59) റയാല്‍ റിക്കെല്‍ട്ടന്റെയും(41), സൂര്യകുമാര്‍ യാദവിന്റെയും(40) വെടിക്കെട്ട് ഇന്നിങ്‌സുംകളും ഒടുക്കം നമന്‍ ധീറിന്റെ(38) വിലപ്പെട്ട കാമിയോയുമാണ് 205 എന്ന കൂറ്റന്‍ ടോട്ടലിലേക്ക് മുംബൈയെ നയിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ ഇംപാക്ട് സബ് കരുണ്‍ നായരുടെ(89) അസാമാന്യമായ കംബാക്ക് ഇന്നിങ്‌സിനു മുന്‍പില്‍ കാഴ്ചക്കാരാകുന്നതാണു കണ്ടത്. എന്നാല്‍, ഡല്‍ഹിയുടെ വെടിക്കെട്ട് ഇംപാക്ട് സബിന് സ്പിന്‍ ഇംപാക്ട് സബ് കൊണ്ട് മുംബൈ മറുപടി നല്‍കി. കൈവിട്ടെന്നുറപ്പിച്ച മത്സരം അങ്ങനെ വെറ്ററന്‍ സ്പിന്നര്‍ കരണ്‍ ശര്‍മ മുംബൈയുടെ കൈകളിലേക്കു തിരിച്ചെത്തിക്കുകയായിരുന്നു. മൂന്നു വിക്കറ്റുമായി കരണാണ് മുംബൈയെ അനിവാര്യമായ ജയത്തിലേക്കു നയിച്ചത്.
മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ തന്നെ ഓപണര്‍ ഫ്രേസര്‍ മക്കര്‍ക്കിനെ വീഴ്ത്തി ദീപക് ചഹാര്‍ ഡല്‍ഹിയെ ഞെട്ടിച്ചു. അടുത്തത് ഇംപാക്ട് സബിന്റെ കുപ്പായത്തില്‍ കരുണ്‍ നായര്‍. മൂന്നാമനായി ഡല്‍ഹി അയച്ചത് കരുണ്‍ നായരെയായിരുന്നു. പിന്നീടങ്ങോട്ട് ക്ലാസും കരുത്തും സമാസമം ചേര്‍ന്ന ബാറ്റിങ് വിസ്‌ഫോടനത്തിന്റെ വിഷു വെടിക്കെട്ടായിരുന്നു കോട്‌ലയില്‍ കണ്ടത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ മനോഹരമായ ബൗണ്ടറികള്‍ പറത്തി കരുണ്‍ വരവറിയിച്ചു. 18 റണ്‍സാണ് ആ ഓവറില്‍ ഡല്‍ഹി അടിച്ചെടുത്ത്. പിന്നീടങ്ങോട്ട് കരുണ്‍ മാത്രമായിരുന്നു സ്‌ക്രീനില്‍. ബോള്‍ട്ടിനെ നേരിട്ട പോലെ സാക്ഷാല്‍ ജസ്പ്രീത് ബുംറയെയും ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും അടിച്ചുപറത്തി കരുണ്‍. ബുംറ എറിഞ്ഞ നാലാം ഓവറിലും ഡല്‍ഹി സ്‌കോര്‍ബോര്‍ഡിലേക്ക് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ഓപണറായി നേരത്തെ ക്രീസിലെത്തി അഭിഷേക് പൊറേലിന് മറ്റൊരറ്റത്ത് കാഴ്ചക്കാരനായി നില്‍ക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. പവര്‍പ്ലേയിലെ അവസാന പന്തില്‍ തന്നെ അര്‍ധസെഞ്ച്വറി തികച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കൊരു സൂചന നല്‍കി കരുണ്‍. വെറും 22 പന്തിലായിരുന്നു താരം ഫിഫ്റ്റി കുറിച്ചത്. മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ പല തവണ ബൗളിങ് മാറ്റങ്ങള്‍ നടത്തിനോക്കിയെങ്കിലും കരുണിന്റെ ബാറ്റിങ് ഷോയ്ക്കു മാത്രം മാറ്റമുണ്ടായില്ല. ബൗണ്ടറികളും സിക്‌സറുകളും തുരുതുരാ ആ ബാറ്റില്‍നിന്നു പ്രവഹിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ 12-ാം ഓവര്‍ എറിഞ്ഞ മിച്ചല്‍ സാന്റ്‌നര്‍ മുംബൈയ്ക്ക് ആ നിര്‍ണായക ബ്രേക്ത്രൂ സമ്മാനിച്ചു. അതിവേഗം സെഞ്ച്വറിയിലേക്കു കുതിച്ച കരുണിനെ ഒരു മനോഹരമായ സ്ലോ ബൗള്‍ വീഴ്ത്തി. ഓഫ്സ്റ്റംപു പിഴുതാണ് ആ പന്ത് കടന്നുപോയത്. 40 പന്തില്‍ 89 റണ്‍സുമായാണു താരം പവലിയനിലേക്കു മടങ്ങിയത്. എണ്ണം പറഞ്ഞ 12 ബൗണ്ടറികളും അഞ്ച് സിക്‌സറും ആ ഇന്നിങ്‌സിനു മിഴിവേകി.
ശ്വാസം നേരെ വീണ മുംബൈ നായകന്‍ പാണ്ഡ്യ അടുത്തത് തുറപ്പുചീട്ട് ബുംറയെ തന്നെ ഇറക്കി. ബുംറ തിരിച്ചുവന്നു, കളിയും മാറി. ഡല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ തന്നെ കൂട്ടത്തകര്‍ച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് മത്സരം വരുതിയിലാക്കുകയായിരുന്നു മുംബൈ. ബുംറയുടെ അവസാന 19-ാം ഓവറിലെ റണ്‍ഔട്ട് കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മുംബൈയുടെ വിജയം 12 റണ്‍സിന്.
നേരത്തെ, ടോസ് ഭാഗ്യം തുണച്ച മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആതിഥേയരെ ആദ്യം ബാറ്റിനയയ്ക്കുകയായിരുന്നു. പതിവുപോലെ മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ ഇന്നിങ്‌സാക്കി കണ്‍വേര്‍ട്ട് ചെയ്യാനാകാതെ രോഹിത് ഒരിക്കല്‍ കൂടി പവര്‍പ്ലേയില്‍ വീണു. അഞ്ചാം ഓവര്‍ എറിഞ്ഞ സ്പിന്നര്‍ വിപ്രാജ് നിഗത്തിന്റെ പന്തില്‍ 18 റണ്‍സുമായാണ് ഇത്തവണ രോഹിത് മടങ്ങിയത്.
തുടക്കത്തില്‍ പന്ത് മിഡില്‍ ചെയ്യാന്‍ വിഷമിച്ച റയാന്‍ റിക്കെല്‍ട്ടന്‍ അപ്പോഴേക്കും ടച്ചിലെത്തിയിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിനെ സാക്ഷിനിര്‍ത്തി പിന്നീടങ്ങോട്ട് ബൗണ്ടറികളും സിക്‌സറുകളുമായി ഇന്നിങ്‌സ് നയിച്ചത് ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. അര്‍ധസെഞ്ച്വറിയിലേക്കു കുതിച്ച താരം പക്ഷേ കുല്‍ദീപ് യാദവിന്റെ ഗൂഗ്‌ളിക്കുമുന്നില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങി. റിക്കെല്‍ട്ടന്റെ മിഡില്‍സ്റ്റംപ് തെറിക്കുമ്പോള്‍ മുംബൈ രണ്ടിന് 75 എന്ന നിലയിലായിരുന്നു.
പിന്നീടങ്ങോട് നാലാം വിക്കറ്റില്‍ സൂര്യയും മികച്ച ഫോമിലുള്ള തിലക് വര്‍മയും ചേര്‍ന്നുള്ള ബാറ്റിങ് പ്രദര്‍ശനമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തുനിന്നു തുടങ്ങുകയായിരുന്നു തിലക്. ചേതോഹരമായ ബൗണ്ടറികളും പവര്‍ഫുള്‍ സിക്‌സറുകളുമായി യുവതാരം കളംനിറഞ്ഞാടി. ഇടയ്ക്ക് കുല്‍ദീപിന്റെ പന്തില്‍ സൂര്യയും(28 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 40) വീണെങ്കിലും റണ്‍നിരക്ക് കുറയാതെ തിലക് അറ്റാക്ക് തുടര്‍ന്നു. ഇതിനിടയില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധശതകവും കുറിച്ചു താരം.
മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടയില്‍ തിലക് വര്‍മ വീണെങ്കിലും അപ്പോഴേക്കും ടീം ടോട്ടല്‍ 200 തൊട്ടിരുന്നു. 33 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 59 റണ്‍സെടുത്താണു താരം മടങ്ങിയത്. ഡെത്ത് ഓവറുകളിലെ നമന്‍ ധീറിന്റെ(17 പന്തില്‍ 38) കാമിയോ കൂടിയായതോടെ ഡല്‍ഹിക്കു മുന്നില്‍ 206 എന്ന വലിയ വിജയലക്ഷ്യം ഉയര്‍ത്തിക്കഴിഞ്ഞിരുന്നു മുംബൈ.
ഡല്‍ഹി ബൗളിങ് നിരയില്‍ പേസര്‍മാരെല്ലാം കണക്കിനു തല്ലുവാങ്ങിയപ്പോള്‍ വിശ്വസ്ത സ്പിന്നര്‍ കുല്‍ദീപ് യാദവ് റണ്ണൊഴുക്ക് തടയാനുണ്ടായത്. രണ്ട് വിലപ്പെട്ട മുംബൈ വിക്കറ്റും പിഴുതു താരം. മറ്റൊരു സ്പിന്നര്‍ വിപ്രാജ് നിഗം റണ്‍ ഉദാരമായി വിട്ടുകൊടുത്തെങ്കിലും രണ്ടു വിക്കറ്റെടുത്തു. മുകേഷ് കുമാറിന് ഒരു വിക്കറ്റും ലഭിച്ചു.