ചെന്നൈ: ബംഗളൂരുവിനും ഡല്‍ഹിക്കുംശേഷം ഹൈദരാബാദും സൂപ്പര്‍ കിങ്‌സ് അടക്കിവാണ ചെപ്പോക്ക് കോട്ട തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ചെന്നൈയ്ക്ക് പോയിന്റ് ടേബിളില്‍ തൊട്ടുമുന്നിലുള്ള സണ്‍റൈസേഴ്‌സിനെയും തളയ്ക്കാനായില്ല. ഹര്‍ഷല്‍ പട്ടേലിന്റെ നാല് വിക്കറ്റ് നേട്ടത്തില്‍ ചെന്നൈയെ 154 റണ്‍സില്‍ ഒതുക്കിയ ഹൈദരാബാദ് എട്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ആശ്വാസജയം നേടിയത്.
ചെന്നൈ ഉയര്‍ത്തിയ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപണര്‍ അഭിഷേക് ശര്‍മയെ പുറത്താക്കി ഖലീല്‍ സന്ദര്‍ശകരെ ഞെട്ടിച്ചു. തപ്പിത്തടഞ്ഞ ട്രാവിസ് ഹെഡിനെ(16 പന്തില്‍ 19) മനോഹരമായൊരു ഓഫ്കട്ടറിലൂടെ അന്‍ഷുല്‍ കാംബോജ് ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തതോടെ ചെന്നൈ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ അപകടകാരിയായ ഹെണ്‍റിച്ച് ക്ലാസന്‍ കൂടി കാര്യമായി ഒന്നും ചെയ്യാനാകാതെ പുറത്തായതോടെ ഹൈദരാബാദ് ക്യാംപ് സമ്മര്‍ദത്തിലായി.
എന്നാല്‍, ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കുശേഷം താളം നഷ്ടപ്പെട്ട ഇഷന്‍ കിഷന്‍ ഇന്ന് അവസരത്തിനൊത്ത് ഉയര്‍ന്നതാണ് ഹൈദരാബാദിനു തുണയായത്. മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും കിഷന്‍ ടീം സ്‌കോര്‍ താഴാതെ കാത്തു. ഒടുവില്‍ 12-ാം ഓവറില്‍ നൂര്‍ അഹ്‌മദിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ മനോഹരമായൊരു ക്യാച്ചിലൂടെ സാം കറന്‍ കിഷനെ പിടികൂടുമ്പോഴേക്കും കളി ചെന്നൈയുടെ കൈയില്‍നിന്നു വഴുതിപ്പോയിരുന്നു. 34 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 44 റണ്‍സെടുത്താണു താരം കിഷന്‍ മടങ്ങിയത്. ഒടുവില്‍ സെന്‍സിബിള്‍ ഇന്നിങ്‌സിലൂടെ കമിന്ദു മെന്‍ഡിസ്(15 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 22) ആണ് ഹൈദരാബാദിനെ ഫിനിഷിങ് ലൈനിലെത്തിച്ചത്.
നേരത്തെ, ചെപ്പോക്കില്‍ ഒരിക്കല്‍കൂടി ടോസ് ഭാഗ്യം എതിരായപ്പോള്‍ ചെന്നൈ ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍, ആദ്യ പന്തില്‍ തന്നെ യുവതാരം ഷെയ്ഖ് റഷീദിനെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഹൈദരാബാദിനു മികച്ച തുടക്കം നല്‍കി. എന്നാല്‍, രണ്ടാം മത്സരത്തിനിറങ്ങിയ 17കാരന്‍ ആയുഷ് മാത്രേ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തുനിന്നു തുടങ്ങുകയായിരുന്നു. മനോഹരമായ ബൗണ്ടറികളുമായി ചെന്നൈ സീസണിലുടനീളം മിസ് ചെയ്ത അഗ്രസീവ് ക്രിക്കറ്റിന്റെ പകര്‍ന്നാട്ടമായിരുന്നു പിന്നീട് അവിടെ കണ്ടത്. എന്നാല്‍, കൂടുതല്‍ അപകടം വിതയ്ക്കും മുന്‍പ് പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാത്രേയെ പിടിച്ചുകെട്ടി. 19 പന്തില്‍ ആറ് ബൗണ്ടറിയുമായി 30 റണ്‍സെടുത്താണു താരം മടങ്ങിയത്.
മൂന്നിന് 47 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട ആതിഥേയരെ രവീന്ദ്ര ജഡേജയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാല്‍ഡ് ബ്രെവിസും ചേര്‍ന്നാണു കരകയറ്റിയത്. 17 പന്തില്‍ 21 റണ്‍സെടുത്തുനിന്ന ജഡേജയെ കുശാല്‍ മെന്‍ഡില്‍ ക്ലീന്‍ബൗള്‍ഡാക്കിയതോടെ ആ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും അവസാനിച്ചു. പകരക്കാരനായെത്തി ചെന്നൈ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ബ്രെവിസ് മറുവശത്ത് ശിവം ദുബേയെ കാഴ്ചക്കാരനാക്കി കൂറ്റനടികളുമായി കളം നിറഞ്ഞു. ടീമിനെ മികച്ച നിലയിലേക്ക് കൊണ്ടുപോകുമെന്നു തോന്നിച്ച ഘട്ടത്തില്‍ പക്ഷേ ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ കെണിയില്‍ താരം വീണു. 25 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയും പറത്തി 42 റണ്‍സെടുത്താണ് താരം മടങ്ങിയത്. തപ്പിത്തടഞ്ഞ ദീപക് ഹൂഡ നേടിയ 22 റണ്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീട് വന്നവരെല്ലാം ഒന്നും ചെയ്യാനാകാതെ വന്ന വഴിയേ തിരിഞ്ഞുനടക്കുകയായിരുന്നു.
നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് കൊയ്ത ഹര്‍ഷല്‍ പട്ടേലാണ് ആതിഥേയരെ പിടിച്ചുകെട്ടിയത്. രണ്ടുവീതം വിക്കറ്റുമായി കമ്മിന്‍സും ജയദേവ് ഉനദ്കട്ടും തിളങ്ങി. ഷമിക്കും കമിന്ദു മെന്‍ഡിസിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.