ചെന്നൈ: ചെപ്പോക്കിലെ ഹോംഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദയനീയയാത്രയ്ക്ക് മാറ്റമില്ല. സാം കറന്റെ അര്‍ധസെഞ്ച്വറിയുടെ(88) കരുത്തില്‍ മികച്ച ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ ആതിഥേയര്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകളില്‍ മണ്ണുവാരിയിടുമെന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചതാണ്. എന്നാല്‍, കിടിലന്‍ ഇന്നിങ്‌സിലൂടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(72) ടീമിനെ വിജയത്തിലേക്കു നയിച്ചു. പ്രഭ്‌സിംറാന്‍ സിങ്ങിന്റെ അര്‍ധസെഞ്ച്വറി(54) കൂടിയായതോടെ നാലു വിക്കറ്റിനായിരുന്നു സന്ദര്‍ശകര്‍ 191 എന്ന ലക്ഷ്യം മറികടന്നത്. ഐ.പി.എല്‍ കരിയറിലെ രണ്ടാം ഹാട്രിക് നേട്ടവുമായി യുസ്‍വേന്ദ്ര ചഹലും മത്സരത്തില്‍ താരമായി. തോല്‍വിയോടെ ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ. പഞ്ചാബ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു.
ചെന്നൈ ഉയര്‍ത്തിയ താരതമ്യേനെ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബ് ഓപണര്‍മാര്‍ പതിവുപോലെ ആക്രമിച്ചു തുടങ്ങി. പിന്നീട് ചെന്നൈയ്ക്ക് ആശ്വസിക്കാവുന്ന നിമിഷങ്ങള്‍ വളരെ അപൂര്‍വമായാണു ലഭിച്ചത്. ഖലീല്‍ അഹ്‌മദ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ പ്രിയാന്‍ഷ് ആര്യയെ വിക്കറ്റിനു പിന്നില്‍ എം.എസ് ധോണി കൈപ്പിടിയിലൊതുക്കിയതായിരുന്നു അതിലൊന്ന്. 15 പന്തി ല്‍ 23 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീട് രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിംറാനും നായകന്‍ ശ്രേയര്‍ അയ്യരും ചേര്‍ന്ന് അതിവേഗം ചേസിങ് മുന്നോട്ടുകൊണ്ടുപോയി. സ്പിന്നര്‍മാരെയും പേസര്‍മാരെയും ധോണി മാറിമാറി പരീക്ഷിച്ച മിഡില്‍ ഓവറുകളില്‍ സിംഗിളും ഡബിളും ഇടവേളകളില്‍ സിക്‌സറും ബൗണ്ടറികളും നേടി റണ്‍റേറ്റ് കുറയാതെ നോക്കി ഇരുവരും. ഇതിനിടയില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി പ്രഭ്‌സിംറാന്‍ മടങ്ങിയെങ്കിലും ടീം ഇന്നിങ്‌സിനെ അത് ഒട്ടും ബാധിച്ചി ല്ല. നൂര്‍ അഹ്‌മദിന്റെ പന്തില്‍ ഡീപ് മിഡ്‌വിക്കറ്റില്‍ ഡിവാല്‍ഡ് ബ്രെവിസ് പിടിച്ചു പുറത്താകുമ്പോള്‍ 36 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 54 റണ്‍സെടുത്തിരുന്നു താരം.
പിന്നീട് ബാറ്റണ്‍ അയ്യര്‍ ഏറ്റെടുക്കുകയായിരുന്നു. ഒടുക്കം ചെന്നൈയ്ക്കു സംഭവിച്ച പോലെ കൂട്ടത്തകര്‍ച്ചയൊന്നുമില്ലാതെ ടീമിനെ മുന്നോട്ടുനയിച്ച ക്യാപ്റ്റന്‍ ഒടുവില്‍ ടീമിനെ ഫിനിഷിങ് ലൈനിനു തൊട്ടരികിലെത്തിച്ചാണു മടങ്ങിയത്. 41 പന്ത് നേരിട്ട അയ്യര്‍ അഞ്ച് ബൗണ്ടറിയും നാലും സിക്‌സറും പറത്തിയാണ് 72 റണ്‍സെടുത്ത് പുറത്തായത്. ശശാങ്ക് സിങ്ങിന്റെ കാമിയോയും(12 പന്തില്‍ 23) ടീമിന്റെ അനായാസ വിജയത്തിനു കരുത്തേകി.
നേരത്തെ, സ്വന്തം തട്ടകത്തില്‍ ഒരിക്കല്‍കൂടി ധോണിക്ക് ടോസ് നഷ്ടമായപ്പോള്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍. ഇന്റന്റോടെ കളിക്കുന്ന യുവതാരങ്ങള്‍ ഓപണര്‍മാരായി എത്തിയിട്ടും ചെന്നൈയുടെ ശനിദശ മാറിയില്ല. പവര്‍പ്ലേയില്‍ തന്നെ ഓപണര്‍മാരായ ആയുഷ് മാത്രേയും ഷെയ്ഖ് റഷീദും രവീന്ദ്ര ജഡേജയും കൂടാരം കയറി.
ഒരിക്കല്‍കൂടി ചെന്നൈയിലെ മഞ്ഞക്കടല്‍ നിരാശയിലേക്ക് വീണു. എന്നാല്‍, അവിടെനിന്ന് സാം കറനും ഡിവാല്‍ഡ് ബ്രെവിസും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഫോംഔട്ടില്‍ തപ്പിത്തടയുകയായിരുന്ന കറന്‍ പതിയെ തുടങ്ങി കത്തിയാളുന്നതാണ് ഇന്ന് കണ്ടത്. സീസണിലെ ആദ്യത്തെ അര്‍ധസെഞ്ച്വറിയും കണ്ടെത്തി താരം. ഉറച്ച പിന്തുണയുമായി ബ്രെവിസ് മറ്റൊരറ്റവും കാത്തു.
ഒടുവില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുല്ല ഉമര്‍സായി എറിഞ്ഞ 15-ാം ഓവറില്‍ ബൗള്‍ഡായി ബ്രെവിസ് മടങ്ങുമ്പോള്‍ എട്ടിനു മുകളില്‍ റണ്‍റേറ്റില്‍ നാലിന് 126 എന്ന നിലയിലായിരുന്നു ചെന്നൈ. 26 പന്ത് നേരിട്ട് ഒരു സിക്‌സറും ര ണ്ടു ബൗണ്ടറിയും സഹിതം 32 റണ്‍സെടുത്താണു താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ ബ്രെവിസും കറനും ചേര്‍ന്ന് നിര്‍ണായകമായ 78 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
15 ഓവര്‍ പിന്നിട്ടതോടെ കറന്‍ പൂര്‍ണമായും അറ്റാക്കിങ് മോഡിലേക്കു മാറി. സൂര്യാന്‍ഷ് ഷെഡ്‌ഗെ എറിഞ്ഞ 16 ഓവറില്‍ രണ്ടുവീതം ബൗണ്ടറികളും സിക്‌സറുകളും പറത്തി 26 റണ്‍സാണ് കറന്‍ അടിച്ചെടുത്തത്. സെഞ്ച്വറിയിലേക്കും സൂപ്പര്‍ ഫിനിഷിലേക്കും അതിവേഗം കുതിച്ച കറനെ പക്ഷേ 18-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ച് മാര്‍ക്കോ യാന്‍സന്‍ പഞ്ചാബിന് ബ്രേക്ത്രൂ നല്‍കി. 47 പന്ത് നേരിട്ട് ഒന്‍പത് ബൗണ്ടറിയും നാല് സിക്‌സറും അടിച്ചുപറത്തി 88 റണ്‍സെടുത്താണു താരം മടങ്ങിയത്.
ധോണിയും ദുബേയും ബാക്കിയുള്ളതിനാല്‍ അനായാസം 200 കടക്കുമെന്ന് ചെന്നൈ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, ധോണിക്കുള്ള കുരുക്കായി 19-ാം ഓവര്‍ എറിയാന്‍ അയ്യര്‍ പന്തേല്‍പ്പിച്ചത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ. ആദ്യ പന്ത് വൈഡ്. രണ്ടാം പന്ത് ക്രീസ് വിട്ടിറങ്ങി ധോണി ഗാലറിയിലേക്കു പറത്തി. അടുത്ത പന്തും തൂക്കിയടിച്ച ധോണിയെ ലോ ങ് ഓഫില്‍ നേഹാല്‍ വധേര പിടികൂടി. നാലാം പന്തില്‍ പോയിന്റില്‍ പ്രിയാന്‍ഷ് ആര്യയ്ക്ക് ക്യാച്ച് നല്‍കി ദീപക് ഹൂഡ പുറത്ത്. അടുത്ത പന്തില്‍ ഇംപാക്ട് താരം അന്‍ഷുല്‍ കാംബോജിനെ ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന പന്തില്‍ തൂക്കിയടിക്കാന്‍ നോക്കി ലോങ്ഓണില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്‍കി നൂര്‍ അഹ്‌മദും പുറത്ത്. ഹാട്രിക് നേട്ടം സ്വതസിദ്ധമായ ശൈലിയില്‍ മൈതാനത്ത് നീണ്ടുകിടന്ന് ചഹല്‍ ആഘോഷമാക്കി.