ചെന്നൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് എംഎസ് ധോണിയെന്ന് സംശയമില്ലാതെ പറയാം. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് അര്‍ഹനായ ധോണിയുടെ കൂള്‍ മൈന്റ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയങ്ങളുടെ രഹസ്യവും. ട്വന്റി-20 ലോകകപ്പും ഏകദിന ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനായ ധോണിയുടെ ശാന്ത സ്വഭാവം ഏവരും അംഗീകരിക്കുന്നതാണ്. എന്നാല്‍ ഏത് ക്യാപ്റ്റന്‍ കൂളിനും ദേഷ്യം വരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മുന്‍ സഹതാരവും ഇന്ത്യന്‍ താരവുമായിരുന്ന എസ് ബദ്രിനാഥ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ പരാജയപ്പെട്ടപ്പോഴാണ് ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം വിട്ടതെന്ന് ബദ്രിനാഥ് പറയുന്നു.
ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബദ്രിനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരാന്‍ ടീമിന് ആയില്ല. ഇതേ തുടര്‍ന്നുള്ള ദേഷ്യം ധോണി പ്രകടിപ്പിച്ചത് ഡ്രസിങ് റൂമിലായിരുന്നു. റൂമിലുണ്ടായിരുന്ന ഒരു വെള്ളക്കുപ്പി അതിശക്തമായി താരം ചവിട്ടിതെറിപ്പിക്കുകയായിരുന്നു. എന്റെ മുന്നിലുണ്ടായിരുന്ന വെള്ളക്കുപ്പിയാണ് താരം അടിച്ച് തെറിപ്പിച്ച് പുറത്തെത്തിച്ചത്. ധോണിയുടെ മുഖത്ത് നോക്കാന്‍ ഞങ്ങളെല്ലാവരും ഭയന്നെന്ന് ബദ്രിനാഥ് പറയുന്നു. ചെറിയ സ്‌കോര്‍ പിന്തുടരാനാവാതെ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടപ്പെട്ടായിരുന്നു പരാജയം. ഇത് സഹിക്കാന്‍ കഴിയാതെയാണ് താരം റൂമില്‍ തന്റെ ശാന്തത കൈവിട്ടത്-ബദ്രിനാഥ് പറഞ്ഞു.