മുംബൈ: ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവപേസര്‍ യാഷ് ദയാലും ആകാശ് ദീപും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇരുവരും ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റ മത്സരം കളിക്കും. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരും ആദ്യ ടെസ്റ്റില്‍ കളിക്കും. വാഹനാപകടത്തില്‍ പരിക്കേറ്റതിനു ശേഷം ഋഷഭ് പന്ത് ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാനൊരുങ്ങുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി താരം ദുലീപ് ട്രോഫിയില്‍ കളിച്ചിരുന്നു.
26 വയസ്സുകാരനായ യാഷ് ദയാല്‍ ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിയാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ദുലീപ് ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് യാഷ് ദയാലിനും ആകാശ് ദീപിനും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 16 അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ടെസ്റ്റിനും ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളെ പിന്നീടു പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 19ന് ചെന്നൈയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
2022 ഡിസംബറില്‍ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് ഋഷഭ് പന്ത് ടെസ്റ്റ് ജഴ്‌സിയില്‍ ഒടുവില്‍ കളിക്കാന്‍ ഇറങ്ങിയത്. ഋഷഭ് പന്തിനു പുറമേ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു.
ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാല്‍.