ഷാര്‍ജ: ലോക ക്രിക്കറ്റില്‍ അഫ്ഗാന്റെ വീരഗാഥ തുടരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ജയം നേടിയ അഫ്ഗാന്‍ കഴിഞ്ഞ ദിവസം അവര്‍ക്കെതിരേ രണ്ടാം ജയവും പരമ്പരയും സ്വന്തമാക്കി ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ്.ട്വന്റി-20 ലോകകപ്പില്‍ തുടങ്ങിയ അപരാജിത കുതിപ്പ് അവര്‍ പ്രോട്ടീസിനെതിരേയും തുടരുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ കൂറ്റന്‍ ജയം കുറിച്ചാണ് അഫ്ഗാനിസ്താന്‍ പരമ്പര സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി റഹ്‌മാനുല്ല ഗുര്‍ബാസും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാനും കളം നിറഞ്ഞപ്പോള്‍ അഫ്ഗാന്‍ ജയം എളുപ്പമായി. അഫ്ഗാന്‍ ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ടെംബാ ബാവുമയും ടോണി ഡി സോര്‍സിയും പൊരുതി നോക്കിയതൊഴിച്ചാല്‍ പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ക്ക് പോലും പിടിച്ച് നില്‍ക്കാനായില്ല. ആറ് താരങ്ങള്‍ രണ്ടക്കം കാണാതെ കൂടാരം കയറി. റാഷിദ് ഖാന്‍ ഒമ്പതോവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. നങ്കേലിയ കറോട്ടേ ആറോവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതു. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിന വിജയം കുറിച്ച അതേ സീരിസില്‍ പരമ്പര ജയവും സ്വന്തമാക്കിയ അഫ്ഗാന്‍ ലോക ക്രിക്കറ്റില്‍ പുതു ചരിത്രമാണ് രചിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനായി ഓപ്പണര്‍മാരായ റഹ്‌മാനുല്ലാഹ് ഗുര്‍ബാസും റിയാസ് ഹസനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 88 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. പിന്നീട് ക്രീസിലെത്തിയവരൊക്കെ ടോപ് ഗിയറിലായിരുന്നു. റഹ്‌മത്ത് ഷായും അസ്മത്തുല്ലാ ഒമര്‍സായിയും അര്‍ധ സെഞ്ച്വറികളുമായി ഗുര്‍ബാസിന് മികച്ച പിന്തുണ നല്‍കി. 110 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്സും സഹിതമാണ് ഗുര്‍ബാസ് സെഞ്ച്വറി കുറിച്ചത്. 50 പന്തില്‍ 86 റണ്‍സ് കുറിച്ച ഒമര്‍സായി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് അഫ്ഗാന്‍ സ്‌കോര്‍ 300 കടത്തിയത്.