ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോശം ഫോം തുടരുന്നു.യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയ്നോഡിനോട് സമനില പിടിച്ചാണ് സിറ്റി മടങ്ങിയത്.മൂന്ന് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് സിറ്റിയുടെ സമനില. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഫയ്നോഡ് വിജയത്തിന് തുല്യമായ സമനില നേടിയത്. എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയിട്ടും കാര്യമുണ്ടായില്ല. 44, 53 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
മറ്റൊരു ഗോള്‍ 50ാം മിനിറ്റില്‍ ഗുണ്ഡോങിന്റെ വകയായിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടിലാണ് സിറ്റി പരാജയത്തിന് തുല്യമായ സമനില വഴങ്ങിയത്. രണ്ടാം പകുതിയില്‍ ഫയ്നോഡ് വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹദജ് മൗസാ, ഗിമന്‍സ്, ഹാന്ക്കോ എന്നിവരാണ് ഫയ്നോഡിന്റെ സ്കോറര്‍മാര്‍, 75, 82, 89 മിനിറ്റുകളിലായിരുന്നു ഫയ്നോഡിന്റെ ഗോളുകള്‍ പിറന്നത്. സിറ്റി നിരയെ അനങ്ങാന്‍ വിടാതെയായിരുന്നു ഫയ്നോഡിന്റെ താരങ്ങള്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നിറഞ്ഞ് കളിച്ചത്.