നാഗ്‌പൂർ– ചെസ് ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖിന് മൂന്നു കോടി രൂപ പാരിതോഷികം നൽകി മഹാരാഷ്ട്രാ സർക്കാർ.നാഗ്പൂരിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാരിതോഷികം കൈമാറിയത്. ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിലാണ് ദിവ്യ കിരീടം ചൂടിയിരുന്നത്.
നാഗ്പൂരിൽ നിന്നുള്ള പത്തൊമ്പതുകാരിയായ ദിവ്യ ജൂലൈ 28നു നടന്ന ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിൽ ഇന്ത്യക്കാരി തന്നെയായിരുന്ന കൊനേരു ഹംപിയെയാണ് പരാജയപ്പെടുത്തിയിരുന്നത്.ഈ വിജയത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ലോകകപ്പ് ചാമ്പ്യൻ എന്ന നേട്ടം ദിവ്യ സ്വന്തമാക്കി. കൂടാതെ ഗ്രാൻഡ്മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി.
നാഗ്‌പൂറിനോ മഹാരാഷ്ട്രയ്ക്കോ മാത്രമല്ല, ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ദിവ്യയുടെ വിജയം എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്.
“വനിതാ ചെസ്സിൽ ചൈനയാണ് വർഷങ്ങളായി ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ അതിന് മാറ്റം വരുന്നു. ദിവ്യയും കൊനേരു ഹംപിയും ചേർന്ന് ആ ആധിപത്യത്തെ തകർത്തു. ഒരു ഇന്ത്യക്കാരനായി, മഹാരാഷ്ട്രക്കാരനായി, നാഗ്‌പൂർ സ്വദേശിയായി ദിവ്യയുടെ നേട്ടത്തിൽ ഞാൻ ഏറെ അഭിമാനിക്കുന്നു,” ഫഡ്‌നാവിസ് പറഞ്ഞു.