ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരേ ജയം വരിച്ചെങ്കിലും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് മലപ്പുറത്തെ പെരിന്തല്‍മണ്ണക്കാരന്‍ വിഘ്‌നേഷ് പുത്തൂരാണ്. ചെപ്പോക്കില്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ വെള്ളം കുടിപ്പിച്ചത് ഈ മലപ്പുറത്തുകാരനാണ്. ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്റെയും ബിന്ദുവിന്റെയും മകന്‍.
കേരളത്തിനായി സീനിയര്‍ ലെവലില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത വിഘ്നേഷ്, കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി നടത്തിയ പ്രകടനം മുംബൈ ഇന്ത്യന്‍സ് നോക്കിവെച്ചു. ട്രയല്‍സില്‍ എതിരെ എറിഞ്ഞ പന്ത് ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് വിഘ്നേഷിനെ ടീമിലുള്‍പ്പെടുത്താന്‍ നിർദ്ദേശിച്ചത്. ലേലത്തില്‍ 30 ലക്ഷത്തിന് മുംബൈ വിഘ്നേഷിനെ സ്വന്തമാക്കി. സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ തന്നെ വിഘ്‌നേഷിന് അരങ്ങേറ്റം. അതും രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി. മികച്ച ടച്ചിലായിരുന്ന ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദിനെയും ശിവം ദുബെയെയും ദീപക് ഹൂഡയെയും മടക്കി ചെന്നൈയെ ബാക്ഫൂട്ടിലേക്ക് തള്ളിവിട്ടത് വിഘ്നേഷാണ്.
അനായാസ ജയം ലക്ഷ്യം മിട്ട ചെന്നൈയെ അവസാന ഓവര്‍ വരെ എത്തിച്ചത് വിഘ്‌നേഷിന്റെ മിടുക്കായിരുന്നു. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ഒരു ഘട്ടത്തില്‍ പരാജയം പോലും മുന്നില്‍ കാണുന്ന അവസ്ഥയിലേയ്ക്ക് ചെന്നൈയെ കൊണ്ടെത്തിക്കാന്‍ വിഘ്‌നേഷിന് കഴിഞ്ഞു. 22 പന്തില്‍ അര്‍ധ സെഞ്ച്വറിയും കടന്ന് കുതിച്ച ചെന്നൈ നായകന്‍ ഗെയ്ക്വാദിനെ തന്റെ ആദ്യ ഓവറില്‍ തന്നെ വിഘ്‌നേഷ് മടക്കിയയച്ചു.
പിന്നാലെ അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്‌നേഷ് വീഴ്ത്തി.ഓപ്പണറായി കളത്തിലിറങ്ങി ചെന്നൈയുടെ വിജയം ഉറപ്പിക്കുന്നതു വരെ ക്രീസില്‍ നിലയുറപ്പിച്ച രചിന്‍ രവീന്ദ്രയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 45 പന്തില്‍ 65 റണ്‍സുമായി രചിന്‍ രവീന്ദ്ര പുറത്താകാതെ നിന്നു. ജയത്തിന് തൊട്ടരികെ രവീന്ദ്ര ജഡേജ റണ്ണൌട്ടായപ്പോള്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയപ്പോള്‍ ചെപ്പോക്ക് സ്റ്റേഡിയം ആര്‍ത്തിരമ്പി. എന്നാല്‍, നേരിട്ട രണ്ട് പന്തുകളില്‍ ധോണിയ്ക്ക് റണ്‍സ് കണ്ടെത്താനായില്ല. ഇതോടെ മത്സരം അവസാന ഓവറിലേയ്ക്ക് നീണ്ടു. അവാസന ഓവറില്‍ 4 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി രചിന്‍ ചെന്നൈയുടെ വിജയശില്‍പ്പിയായി.