ന്യൂയോർക്– ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം. ടൂർണമെന്റിലുടനീളം വമ്പന്മാരെ പരാജയപ്പെടുത്തി സർപ്രൈസ് ജയങ്ങളുമായി സെമിയിലെത്തിയ ഫ്‌ലുമിനൻസിന്, യുവതാരങ്ങളുടെ നിരയുമായി കളത്തിലിറങ്ങിയ ചെൽസിയോട് അടി പതറുകയായിരുന്നു.
കളിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ഇരു ടീമുകളും അക്രമണം അഴിച്ചുവിടുകയായിരുന്നു.കളിയിൽ ആധിപത്യം സൃഷ്ടിക്കാൻ ശ്രമിച്ച ചെൽസിക്ക് കിട്ടിയ കൗണ്ടറുകൾ കൃത്യമായി ലക്ഷ്യത്തിലേക്കെത്തിക്കാൻ സാധിച്ചില്ല. ചെൽസിയുടെ മുൻ താരം ടിയാഗോ സിൽവ പ്രായം മറന്ന് തന്റെ ജീവൻ കൊടുത്ത് പ്രതിരോധം സംരക്ഷിച്ചു. എന്നാൽ അധികം കാത്തിരിക്കേണ്ടി വന്നില്ല. കളിയുടെ 17-ാം മിനുട്ടിൽ തന്നെ ജാഓ പെഡ്രോയുടെ മനോഹരമായ ഗോളിന് സ്‌റ്റേഡിയത്തിലെത്തിയിരുന്ന ഭൂരിഭാഗം ഫ്‌ലുമിനൻസ് ആരാധകർ സാക്ഷിയായി. പന്തിനെ പമ്പരം പോലെ കറക്കി പോസ്റ്റിന്റെ വലതു മൂലയിലെ വലയ്ക്കകത്തേക്ക് പെഡ്രോ തൊടുത്തു വിട്ടു. ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നിട്ടും അക്രമണം ശക്തമാക്കിയ ചെൽസി. ചെൽസിയുടെ 7-ാം നമ്പർ താരം പെഡ്രോ നെറ്റോ ഇടതുവിങ്ങിൽക്കൂടി നിരന്തരം മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. ഒരു ഗോൾ നേടാനുള്ള ശ്രമത്തിനിടയിൽ ഫ്‌ലുമിനൻസിന്റെ ഹെർക്കുലിസിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട്, ചെൽസിയുടെ കുകുരേയുടെ അത്ഭുതകരമായ ഗോൾ ലൈൻ സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ഗോളിനു വേണ്ടി ദാഹിച്ചു വലഞ്ഞ ഫ്‌ലുമിനൻസിനെ ഗ്രൗണ്ടിൽ കാണാമായിരുന്നു. എന്നാൽ ഒരേ സമയം ഷോർട്ട് പാസുകളും,ലോങ്ങ് പാസുകളും കൂട്ടി കലർത്തി ചെൽസിയുടെ മനോഹരമായ ഫുട്‌ബോളായിരുന്നു അരങ്ങേറിയത്. 34-ാം മിനുട്ടിൽ ചെൽസിയുടെ ഡിഫണ്ടർ ചലോബയുടെ കൈകളിൽ നേരിയ സ്പർശനത്തിന്റെ പേരിൽ ഫ്‌ലുമിനൻസിനനുകൂലമായി റഫറി പെനാൽട്ടി വിളിച്ചു. അഭിപ്രായ വത്യാസങ്ങൾക്കിടയാക്കിയതോടെ വാർ പരിശോധിച്ച് റഫറിയുടെ അന്തിമ വിധി വന്നു. ‘നോ പെനാൽട്ടി’.
കളിയുടെ രണ്ടാം പകുതി ആരംഭിച്ച് 56-ാം മിനുട്ടായപ്പോൾ തന്നെ വീണ്ടും ജാഓ പെഡ്രോയുടെ വെടിയുണ്ട കണക്കിനുള്ള ഷോട്ടിലൂടെ ഒന്നാന്തരമൊരു ഗോൾ പിറക്കുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ബ്രസീൽ ഇതിഹാസങ്ങളായിരുന്ന റൊണാൾഡോ, കക്കാ, റോബർട്ടോ കാർലോസ് തുടങ്ങിയ സംഘങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു. അവർക്ക് മാത്രമല്ല, ഗാലറിയിൽ തിങ്ങി നിറഞ്ഞിരുന്ന ബ്രസീൽ ആരാധകരും നിരാശരാവുന്നു. തുടർന്ന് 67-ാം മിനുട്ടിൽ ചെൽസിയുടെ ക്യാപ്റ്റൻ റീസ് ജെയിംസിന്റെ വരവോടെ ടീം വീണ്ടും ശക്തി പ്രാപിക്കുന്നു. ഒരു ഗോളിനു വേണ്ടി ദാഹിച്ചു വലഞ്ഞ ഫ്‌ലുമിനൻസ് വാശിയോടെ കളം നിറഞ്ഞെങ്കിലും കളിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ തലയുയർത്തി തന്നെ അവർക്ക് തോൽവി സമ്മതിച്ച് മടങ്ങേണ്ടി വന്നു.
2022 ലെ ക്ലബ് വേൾഡ് കപ്പ് ചാമ്പ്യന്മാരായ ചെൽസിക്ക് ഒരിക്കൽകൂടെ ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഫൈനലിലെ എതിരാളികളെ നാളെ നടക്കുന്ന റയൽ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള സെമിയിലൂടെ തീരുമാനമാകും.