ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. 125 പന്തില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ ശതകം തികച്ചത്. ഇതോടെ ഏകദിനത്തില്‍ ഗില്ലിന്റെ സെഞ്ച്വറികളുടെ എണ്ണം എട്ടായി. നായകന്‍ രോഹിത് ശര്‍മ 41 റണ്‍സ് നേടി പുറത്തായി.46.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം പിന്തുടര്‍ന്നു.
ഓപ്പണിങ് സഖ്യം മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ രോഹിതിന്റെ വിക്കറ്റാണ് ആദ്യം വീണത്. 36 പന്തില്‍ നിന്ന് 41 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. വിരാട് കോഹ് ലി (22) ശ്രേയസ് അയ്യര്‍ (15) അക്ഷര്‍ പട്ടേല്‍ (എട്ട്) എന്നിവരാണ് പുറത്തായത്. ശുഭ്മാന്‍ ഗില്‍ 101 റണ്‍സും കെഎല്‍ രാഹുല്‍ 41 റണ്‍സും നേടി പുറത്താകാതെ നിന്നു
ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന നേട്ടം ബംഗ്ലദേശിനെതിരായ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. 11,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 261 ഇന്നിങ്സുകളില്‍നിന്നാണ് രോഹിത് 11,000 റണ്‍സ് തികച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. വിരാട് കോഹ്ലി 222 ഇന്നിങ്സുകളില്‍ 11,000 പിന്നിട്ടിരുന്നു. സച്ചിന്‍ 276 ഇന്നിങ്സുകളിലും സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിലുമാണ് 11,000 റണ്‍സിലെത്തിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു. തൗഹിദ് ഹൃദോയ് 118 പന്തില്‍ 100 റണ്‍സടിച്ച് പുറത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തൗഹിദ് ഹൃദോയും ജേക്കര്‍ അലിയും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ കരകയറ്റിയത്.
മുഹമ്മദ് ഷമിയാണ് തൗഹിദ് ഹൃദോ – ജേക്കര്‍ അലി കൂട്ടുകെട്ട് തകര്‍ത്തത്. ഇതോടെ ഏകദിനത്തില്‍ 200 വിക്കറ്റ് നേട്ടം ഷമി കൈവരിച്ചു. ജേക്കര്‍ അലി 114 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. തൗഹിദ് ഹൃദോ 100 റണ്‍സ് നേടി പുറത്തായി.
സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ക്ക് റണ്‍സ് ഒന്നും എടുക്കാതെ കൂടാരം കയറി. തന്‍സിദ് ഹസന്‍ ( 25), മെഹ്ദി ഹസന്‍ മിറാസ് (അഞ്ച്), റിഷാദ് ഹൊസൈന്‍ (18) തന്‍സിം ടസ്‌കിന്‍ അഹമ്മദ് (മൂന്ന്) റണ്‍സ് നേടി പുറത്തായി. അഞ്ചു പന്തുകള്‍ നേരിട്ട ഓപ്പണര്‍ സൗമ്യ സര്‍ക്കാരാണു ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തു നേരിട്ട സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ എഡ്ജായ പന്ത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ കൈയിലൊതുക്കി. ഹര്‍ഷിത് റാണയുടെ രണ്ടാം ഓവറില്‍ വിരാട് കോഹ്ലി ക്യാച്ചെടുത്ത് ബംഗ്ലദേശ് ക്യാപ്റ്റനും പുറത്തായി. ഷമിയെറിഞ്ഞ ഏഴാം ഓവറില്‍ മെഹ്ദി ഹസനെ ഗില്‍ പിടികൂടി.