കൊച്ചി: ബെംഗളൂരുവിനോട് പക വീട്ടാമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹത്തിന് തിരിച്ചടി. കടുത്ത ആക്രമണം നടത്തിയിട്ടും കളം നിറഞ്ഞ് കളിച്ചിട്ടും ഐഎസ്എല്ലിലെ അപരാജിതരെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഒടുവില്‍ ഹോം ഗ്രൗണ്ടില്‍ ചിരവൈരികളായ ബെംഗളൂരുവിനോട് 3-1ന്റെ തോല്‍വി വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി. ബെംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡസ് ഇരട്ട ഗോളുകള്‍ നേടി.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബെംഗളൂരു വല ചലിപ്പിച്ചു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ പെരേര ഡിയാസാണ് ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. കൊമ്പന്‍മാരുടെ ഗോള്‍ കീപ്പര്‍ സോം കുമാറില്‍ നിന്നു പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം ഡിയാസിനെ വെട്ടിക്കാന്‍ ശ്രമിച്ച കോട്ടാലിന്റെ ശ്രമം പാളി.
ഗോള്‍ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അതിനു ഫലവും വന്നു. കൊമ്പന്‍ പട തിരിച്ചടിച്ചു. ജീസസ് ജിമെനസാണ് വല ചലിപ്പിച്ചത്. പെനാല്‍റ്റിയില്‍ നിന്നാണ് ഗോളിന്റെ പിറവി. ബെംഗളൂരു ബോക്‌സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ വീഴ്ത്തിയതിനായിരുന്നു അനുകൂല കിക്ക്.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടരുന്നു. അതിനിടെ 74ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ നൊഗ്വേര എടുത്ത ഫ്രീ കിക്ക് അനായാസം തടുക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സോം കുമാറിനു അബദ്ധം പറ്റി. താരത്തിന്റെ കൈയില്‍ നിന്നു പന്ത് വഴുതി. തൊട്ടു മുന്നിലുണ്ടായിരുന്ന മെന്‍ഡസ് പന്ത് അനായാസം വലയിലേക്ക് തിരിച്ചിട്ടു.
തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി പൊരുതി കയറി. ഒന്നിനു പിന്നാലെ മികച്ച ആക്രമണങ്ങള്‍. പക്ഷേ ബെംഗളൂരു പ്രതിരോധത്തില്‍ തട്ടി അതെല്ലാം വിഫലം. ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന്റെ മികവും അവരെ രക്ഷപ്പെടുത്തി.
കടുത്ത ആക്രമണം ഇഞ്ച്വറി സമയത്തും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതിനിടെ പ്രതീക്ഷയ്ക്കു മേല്‍ അവസാന ആണിയും അടിച്ച് ബെംഗളൂരുവിന്റെ മൂന്നാം ഗോളും വന്നു. മെന്‍ഡസിന്റെ ലോങ് ഷോട്ട് ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചു പിളര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. ബെംഗളൂരു ആറില്‍ അഞ്ച് ജയവുമായാണ് ഒന്നാം സ്ഥാനത്തുള്ളത്.