ന്യൂഡല്‍ഹി– ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) അറിയിച്ചു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ പ്രകോപനങ്ങളില്ലാതെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പും, ഷെല്ലാക്രമങ്ങളും നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ കാരണം സുരക്ഷാ മുന്നറിയിപ്പുകളെ മുന്‍ നിര്‍ത്തിയാണ് മത്സരങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.
ഇന്നലെ ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുളള മത്സരം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. മെയ് 9ന് ലഖ്നൗവില്‍ ആസൂത്രണം ചെയ്തിരുന്ന ലഖ്നൗ സൂപ്പര്‍ ജയ്ന്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗുളൂരുവും തമ്മിലുളള മത്സരവും സുരക്ഷാ ഭീഷണികള്‍ മൂലം റദ്ദാക്കി. സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സര്‍ക്കാറുമായി ചേര്‍ന്നാലോചിച്ച് മാത്രമേ തുടര്‍നടപടികള്‍ എടുക്കാനാകൂ എന്ന് ഐപിഎല്‍ ചെയമാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.
ഐപിഎല്‍ സീസണിന്റെ ബാക്കിയുള്ള 12 ലീഗ് മത്സരങ്ങളും പ്ലേഓഫ് മത്സരങ്ങളുമാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. താരങ്ങളുടെയും ആരാധകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ബി.സി.സി.ഐ അറിയിച്ചു.