ന്യൂഡല്‍ഹി: ബംഗ്ലാദേശ് താരം ഷാകിബുല്‍ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ ബൗളിങ് വിലക്ക്. നിയമ വിരുദ്ധമായ ബൗളിങ് ആക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഷാകിബിന് ബൗളിങ്ങില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിയമവിരുദ്ധമായ ബൗളിങ് ആക്ഷനില്‍ ഐസിസിയുടെ ചട്ടങ്ങളിലെ 11.3 വകുപ്പ് പ്രകാരം, ഒരു ബൗളറെ ഏതെങ്കിലും ദേശീയ ഫെഡറേഷന്‍ ആഭ്യന്തര മത്സരങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്താല്‍, മറ്റിടങ്ങളിലും അതു ബാധകമാവും.
സെപ്റ്റംബറില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ മത്സരത്തിനിടെയാണ് സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ ഷാകിബിന് ആദ്യം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ബംഗ്ലാദേശിന് പുറത്തുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ബൗള്‍ ചെയ്യുന്നതില്‍ നിന്നും ഷാകിബിന് വിലക്ക് നേരിടേണ്ടി വരും. 447 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 712 വിക്കറ്റുകള്‍ ഷാകിബ് നേടിട്ടുണ്ട്. ടെസ്റ്റില്‍ 246,ഏകദിനത്തില്‍ 317, ട്വന്റി-20ഐ ഫോര്‍മാറ്റില്‍ 149 വിക്കറ്റുകളും ഷാകിബ് നേടി.