മനാമ– ബ്രിട്ടനിൽ നടന്ന റാഷ്‌ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ റേസിൽ ബഹ്റൈന്റെ റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹമദ് രാജാവിന്റെ മാനുഷിക, യുവജന കാര്യ പ്രതിനിധിയാണ് ശൈഖ് നാസർ. നാല് ഘട്ടങ്ങളുള്ള ഈ മത്സരത്തിൽ മികവോടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാണ് ശൈഖ് നാസർ വിജയം നേടിയത്.
ഈ നേട്ടം അന്താരാഷ്ട്ര എൻഡുറൻസ് റേസിങ് വേദികളിൽ ബഹ്റൈന്റെ പ്രതിച്ഛായ ഉയർത്തുമെന്നും, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകൾക്ക് ടീമിന് ആവേശം പകരുമെന്നും ശൈഖ് നാസർ പ്രതികരിച്ചു. മത്സരം കാണാൻ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ എൻവിറോൺമെന്റ് വൈസ് പ്രസിഡന്റും റാശിദ് എക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിങ് ക്ലബ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഫൈസൽ ബിൻ റാശിദ് ആൽ ഖലീഫ എന്നിവർ എത്തിയിരുന്നു.
മത്സരത്തിൽ യു.എ.ഇ.യിൽ നിന്നുള്ള അബ്ദുല്ല അൽ ബസ്‌കി രണ്ടാം സ്ഥാനവും, എം.ആർ.എം ടീമിലെ സിങ് മൂന്നാം സ്ഥാനവും നേടി. 100 കിലോമീറ്റർ റേസിൽ റോയൽ എൻഡുറൻസ് ടീമിന്റെ സുഹൈർ മുഹമ്മദ് രണ്ടാമതും ആസിം ജനാഹി മൂന്നാമതും ഫിനിഷ് ചെയ്തു. 160 കിലോമീറ്റർ റേസിൽ യു.എ.ഇ.യുടെ ഹമദ് അൽ കാബി ഒന്നാം സ്ഥാനവും സെയ്‌ഫ് അൽ മസ്‌റൂയി രണ്ടാം സ്ഥാനവും നേടി, റോയൽ ടീമിന്റെ മുഹമ്മദ് അബ്ദുൽ സമദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഈ മത്സരം റൈഡർമാർക്ക് വിലപ്പെട്ട അനുഭവവും പ്രൊഫഷണൽ നൈപുണ്യവും നൽകിയതായി ശൈഖ് നാസർ പറഞ്ഞു. വിജയികളായ മറ്റ് റൈഡർമാരെ അദ്ദേഹം അഭിനന്ദിക്കുകയും ടീമിന്റെ ഭാവി മത്സരങ്ങൾക്കായുള്ള പ്രചോദനമായി ഈ നേട്ടം മാറുമെന്നും കൂട്ടിച്ചേർത്തു.