ദാംബുല്ല: വനിതകളുടെ ഏഷ്യാ കപ്പ് കിരീടം കൈയ്യെത്തും ദൂരത്ത് കൈവിട്ട് ഇന്ത്യ. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ലങ്ക കിരീടം നേടി. എട്ട് വിക്കറ്റിനാണ് ആതിഥേയരായ ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. നിര്‍ണ്ണായക സമയത്ത് ഹര്‍ഷിത സമരവിക്രമയുടെ ക്യാച്ച് ഹര്‍മന്‍പ്രീത് കൗര്‍ വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു 61 റണ്‍സോടെ അടിത്തറ പാകി നല്‍കിയപ്പോള്‍ ഹര്‍ഷിത സമരവിക്രമ 51 പന്തില്‍ 6 ഫോറും 2 സിക്സും ഉള്‍പ്പെടെ 69 റണ്‍സോടെ പുറത്താവാതെ നിന്നു. ശ്രീലങ്കയുടെ കന്നി ഏഷ്യാ കപ്പ് കിരീടമാണിത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 19 പന്തില്‍ 2 ഫോറടക്കം 16 റണ്‍സെടുത്ത ഷഫാലി വര്‍മയെ പുറത്താക്കി കവിഷ ദില്‍ഹരിയാണ് ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കിയത്. ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ പിന്നാലെ എത്തിയവര്‍ക്ക് സാധിക്കാതെ പോയി. ഉമ ഛേത്രി പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും 7 പന്തില്‍ 9 റണ്‍സ് നേടി മടങ്ങി.
ഒരു ഫോറാണ് ഉമക്ക് നേടാനായത്. ഒരുവശത്ത് സ്മൃതി മന്ദാന പിടിച്ചുനിന്ന് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് പിന്തുണ ലഭിക്കാതെ പോയി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് അവസരത്തിനൊത്ത് ഉയരാനായില്ല. 11 പന്തില്‍ 11 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്. സച്ചിനി നിസങ്കയാണ് ഹര്‍മന്‍പ്രീതിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടിയത്. ജെമീമ റോഡ്രിഗസ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോറിലേക്കെത്താന്‍ ജെമീമക്ക് സാധിക്കാതെ പോയി.
3 ഫോറും 1 സിക്സും പറത്തിയ ജെമീമ റണ്ണൗട്ടായി പുറത്തായതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഒരു വശത്ത് പിടിച്ചുനിന്ന മന്ദാനയെ ദില്‍ഹരി പുറത്താക്കി. 47 പന്തില്‍ 10 ഫോറടക്കം 60 റണ്‍സോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി മന്ദാനയുടെ നേട്ടം. റിച്ചാ ഘോഷിന്റെ വെടിക്കെട്ട് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. 14 പന്തില്‍ 4 ഫോറും 1 സിക്സുമടക്കം 30 റണ്‍സാണ് റിച്ചാ ഘോഷ് നേടിയത്. പൂജ വസ്ത്രാക്കര്‍ (5) രാധ യാദവ് (1) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 165 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. കവിഷ ദില്‍ഹരി രണ്ട് വിക്കറ്റും സച്ചിന്‍ നിസന്‍സാല, ചമരി അത്തപ്പട്ടു, ഉദീക്ഷിക പ്രഭോദനി എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട സ്‌കോര്‍ നേടിയ ആത്മവിശ്വാസത്തില്‍ പന്തെറിയാനെത്തിയ ഇന്ത്യ തുടക്കത്തിലേ ശ്രീലങ്കയെ ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ വിഷ്മി ഗുണരത്ന (1) റണ്ണൗട്ടായി. എന്നാല്‍ പിന്നീട് കണ്ടത് ശ്രീലങ്കയുടെ സര്‍വാധിപത്യമാണ്.
ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടു മുന്നില്‍ നിന്ന് നയിച്ചു. 33 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ചിമരി ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ചു. 43 പന്തില്‍ 9 ഫോറും 2 സിക്സും ഉള്‍പ്പെടെ 61 റണ്‍സെടുത്ത ചമരിയെ ദീപ്തി ശര്‍മ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ ഇന്ത്യ തിരിച്ചുവരവ് പ്രതീക്ഷയിലേക്കെത്തി. എന്നാല്‍ ആക്രമിച്ച് കളിച്ച് ശ്രീലങ്ക ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഹര്‍ഷിത സമരവിക്രമയും കവിഷ ദില്‍ഹരിയും ചേര്‍ന്ന് ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഹര്‍ഷിതയുടെ നിര്‍ണ്ണായക ക്യാച്ച് ഹര്‍മന്‍പ്രീത് കൗര്‍ നഷ്ടപ്പെടുത്തി. അവസരം മുതലാക്കി ശ്രീലങ്ക മുന്നേറിയതോടെ കന്നി ഏഷ്യാ കപ്പ് കിരീടം ശ്രീലങ്ക സ്വന്തമാക്കി.