രാജ്ഗിർ– ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യ തകർപ്പൻ പ്രകടനവുമായി സൂപ്പർ ഫോർ ഉറപ്പിച്ചു. അവസാന പൂൾ മത്സരത്തിൽ കസാഖിസ്ഥാനെ 15-0 എന്ന നിലയിൽ എതിരില്ലാത്ത ജയം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളിലും വിജയിച്ച് 9 പോയിന്റോടെ ഇന്ത്യ പൂൾ എയിൽ ഒന്നാമതെത്തി. ബീഹാറിലെ രാജ്ഗീർ ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
അഭിഷേക് 4 ഗോളുകളും സുഖജിത്, ഗുജ്രാജ് സിങ് എന്നിവർ മൂന്ന് വീതം ഗോളുകളും നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, അമിത് രോഹിദാസ്, രജീന്ദർ, സഞ്ജയ്, ദിൽപ്രീത് എന്നിവർ ഓരോ ഗോൾ വീതം സ്വന്തമാക്കി.
പൂൾ എയിൽ നിന്ന് ചൈന രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. ചൈനയും ജപ്പാനും തമ്മിലുള്ള മത്സരം 2-2 സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകൾക്കും 4 പോയിന്റ് വീതമായി. എന്നാൽ, ഗോൾ വ്യത്യാസത്തിൽ മുൻതൂക്കം നേടി ചൈന സൂപ്പർ ഫോർ ഉറപ്പിച്ചു. പൂൾ ബിയിൽ നിന്ന് മലേഷ്യ (9 പോയിന്റ്), ദക്ഷിണ കൊറിയ (6 പോയിന്റ്) എന്നിവരും സൂപ്പർ ഫോറിലേക്ക് മുന്നേറി.