ലോക കായിക മേഖലയില്‍ 2024ല്‍ നിരവധി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. പല മേഖലകളിലും റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരുന്നു പലരുടെയും കുതിപ്പ്. ചില മേഖലകളില്‍ പല താരങ്ങളും തളര്‍ച്ചയും നേരിട്ടു. പല താരങ്ങളുടെയും ഉദയത്തിനും മറ്റ് പല താരങ്ങളുടെ അസ്തമയത്തിനും പോയ വര്‍ഷം സാക്ഷിയായി. പല ഇതിഹാസ താരങ്ങളുടെ കരിയര്‍ അവസാനത്തിനും ജീവിതാവസാനത്തിനും 2024 വേദിയായി. പാരിസ് ഒളിംപിക്സില്‍ തുടങ്ങി ലോക ചെസ് ചാംപ്യന്‍ഷിപ്പ് വരെ നീളുന്നു കഴിഞ്ഞ വര്‍ഷത്തെ ലോക കായിക മാമാങ്കങ്ങള്‍.
പാരിസ് ഒളിംപിക്സില്‍ അമേരിക്ക 126 മെഡലുമായി ഒന്നാം സ്ഥാനത്തും 91 മെഡലുമായി ചൈന രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 71 മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ച് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ വിനേഷ് ഫൊഗട്ടിന് അയോഗ്യത കല്‍പ്പിച്ചത് കായിക ലോകത്ത് തന്നെ ഞെട്ടല്‍ ഉളവാക്കിയിരുന്നു. വെള്ളി മെഡലിന് യോഗ്യത ഉണ്ടെന്ന് ചൂണ്ടികാണിച്ച് നല്‍കിയ അപ്പീലും തള്ളുകയായിരുന്നു. ഒടുവില്‍ നിരാശയോടെ ആ താരം പാരിസ് വിടുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഫൊഗട്ട് കോണ്‍ഗ്രസിന്റെ എംഎല്‍എയുമായി.
പാരിസില്‍ മനുഭാക്കറിന്റെ ഇരട്ട വെങ്കലമെഡലും നീരജ് ചോപ്രയുടെ വെള്ളിയും ഹോക്കിയിലെ വെള്ളിയും ഇന്ത്യക്ക് നല്‍കിയത് അഭിമാന നിമിഷങ്ങളായിരുന്നു.ഷൂട്ടിങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുസാലെ വെങ്കലം നേടിയതും അമന്‍ സെഹ്‌റാവത്ത് പുരുഷവിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയതുമാണ് പാരിസിലെ ഇന്ത്യന്‍ നേട്ടങ്ങള്‍. സ്വര്‍ണം നേടാനാവത്തതും ടോക്യോ ഒളിംപിക്‌സിലെ എണ്ണം കൂട്ടാനാവത്തതും ഇന്ത്യയ്ക്ക് നിരാശയായി.
2024 ലെ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയതാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ പ്രധാന നേട്ടം. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീടമാണിത്. ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഈ ലോകകപ്പോടെ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത്ത് ശര്‍മ്മയും കുട്ടിക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനും പോയ വര്‍ഷം സാക്ഷിയായി. ചരിത്രത്തില്‍ ആദ്യമായി ന്യൂസിലന്റില്‍ ടെസ്റ്റ് മല്‍സരം അടിയറ വച്ചത് ഇന്ത്യയ്ക്ക് മറ്റൊരു ആഘാതമായി. ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്‍ കിരീടം 2024ല്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സാണ് നേടിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കെകെആറിന്റെ കിരീട നേട്ടം.
സോക്കര്‍ ലോകത്തെ പ്രധാനവാര്‍ത്ത സ്പെയിനിന്റെ യൂറോ കപ്പ് നേട്ടമാണ്. ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു സ്പെയിനിന്റെ കിരീട നേട്ടം. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന കൊളംബിയയെ വീഴ്ത്തി കിരീടം നിലനിര്‍ത്തി. എക്‌സ്ട്രാ ടൈമിലെ ഏക ഗോളിനായിരുന്നു വാമോസിന്റെ ജയം. യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് ബോറൂസിയാ ഡോര്‍ട്ട് മുണ്ടിനെ പരാജയപ്പെടുത്തി സ്വന്തമാക്കി. പോയ വര്‍ഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിയും സ്വന്തമാക്കി. സിറ്റിയുടെ തുടര്‍ച്ചയായ നാലാം കിരീടനേട്ടമായിരുന്നു അത്. സ്പാനിഷ് ലീഗില്‍ കിരീടം റയല്‍ മാഡ്രിഡും പോക്കറ്റിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയാണ് നേടിയത്.
ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കുമെന്ന് ഏവരും പ്രവിച്ച ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി സ്പെയിനിന്റെ റൊഡ്രി ഫെര്‍ണാണ്ടസ് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കായിക ലോകത്തെ വര്‍ണ്ണവിവേചനത്തിന്റെ പങ്കും പുറത്ത് വന്നു. ഒടുവില്‍ പുരസ്‌കാര വേദി ബഹിഷ്‌കരിച്ച് റയല്‍ മാഡ്രിഡ് ടീമും വിനീഷ്യസിന് ഐക്യദാര്‍ഢ്യം പകര്‍ന്നു. പിന്നീട് ഫിഫാ ബെസ്റ്റ് പുരസ്‌കാരം ലഭിച്ച് വിനീഷ്യസ് ജൂനിയര്‍ താരങ്ങളുടെ താരവുമായി മാറിയതും സോക്കര്‍ വേള്‍ഡിലെ പോയ വര്‍ഷത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്.
ഇതിഹാസ ഫുട്ബോള്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വിരമിക്കലാണ് ഇന്ത്യക്ക് പോയവര്‍ഷം നല്‍കിയ ഏറ്റവും വലിയ ആഘാതം. ഗോള്‍ നേട്ടത്തില്‍ ലോകത്തിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഛേത്രി ഇന്ത്യന്‍ ഫുട്ബോളിനെ ലോകത്തിന് മുന്നിലെ ശ്രദ്ധാകേന്ദ്രമാക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. അതില്‍ ഒരു പരിധി വരെ ആ പ്രതിഭ വിജയിക്കുകയും ചെയ്തു. നിലവില്‍ ബെംഗളുരൂ എഫ്സിക്കൊപ്പമാണ് ഛേത്രി കളിക്കുന്നത്.
ഫുട്ബോളിലെ മിശ്ശിഹ തന്റെ കരിയര്‍ തുടങ്ങി 20 വര്‍ഷം പൂര്‍ത്തിയാക്കിയത് 2024ല്‍ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഫുട്ബോളിലെ വന്‍ മരങ്ങളായ മെസ്സിയും റൊണാള്‍ഡോയും രാജ്യത്തിന് വേണ്ടി തിളങ്ങുന്ന പോരാട്ടം തുടരുമ്പോള്‍ ക്ലബ്ബ് തലത്തിലെ പ്രകടനങ്ങളില്‍ യൂറോപ്പിലെ പ്രധാന പുരസ്‌കാരങ്ങളില്‍ നിന്ന് താരങ്ങളുടെ പേരുകള്‍ പുറത്തായതും 2024ലാണ്.
ഇന്ത്യക്കാരുടെ മറ്റൊരു പ്രധാന നഷ്ടം ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ വിരമിക്കലായിരുന്നു. രണ്ട് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ നേടികൊടുക്കുന്നതില്‍ ഈ മലയാളി താരം നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.
ഇതിഹാസ താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് പോയവര്‍ഷമായിരുന്നു. 2024 ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും യുഎസ് ഓപ്പണ്‍ കിരീടവും ഇറ്റലിയുടെ യാനിക്ക് സിന്നര്‍ സ്വന്തമാക്കി. വിംബിള്‍ഡണില്‍ കിരീടം കാര്‍ലോസ് അല്‍ക്കാരസിനായിരുന്നു. വനിതാ വിഭാഗത്തില്‍ പോയവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും യു എസ് ഓപ്പണും ബലാറസിന്റെ അരിയാന സബലങ്ക സ്വന്തമാക്കിയപ്പോള്‍ ഫ്രഞ്ച് ഓപ്പണില്‍ ഇഗാ സ്വെയാടെക്കും കിരീടം ചൂടി.
കായിക ഭൂപടത്തില്‍ നിന്ന് നിരവധി താരങ്ങള്‍ പോയ വര്‍ഷം മണ്‍മറിഞ്ഞ് പോയിരുന്നു. ക്രിക്കറ്റ് ഇതിഹാസം ഗ്രാഹം തോര്‍പ്പ്, ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍, വിഖ്യാത പരിശീലകന്‍ സ്വന്‍ ഗോരന്‍ എറിക്സണ്‍, മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമന്‍ ഗെയ്ക്ക് വാദ് എന്നിവരുടെ വേര്‍പാടിനും 2024 മൂക സാക്ഷിയായി
കേരളത്തില്‍ കേരളാ ക്രിക്കറ്റ് ലീഗിനും സൂപ്പര്‍ കേരളാ ഫുട്ബോളിനും തുടക്കമിട്ടത് 2024ലെ മറ്റൊരു പ്രധാന നാഴികക്കല്ലായിരുന്നു. സൂപ്പര്‍ ലീഗ് കേരളയിലെ പ്രഥമ സീസണിലെ കിരീടം കാലിക്കറ്റ് നേടി. കേരളാ ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്സും നേടി.
വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി കിരീടം കൊണ്ടുവന്ന താരമെന്ന ബഹുമതി ദൊമ്മരാജു ഗുകേഷ് സ്വന്തമാക്കി. 18കാരനായ താരം ചൈനയുടെ ഡിങ് ലിറനെയാണ് അട്ടിമറിച്ചത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷ് സ്വന്തമാക്കി.ഒടുവില്‍ ഇന്ത്യന്‍ കായിക ലോകത്തിന് ഒരു സുവര്‍ണ്ണ വര്‍ഷം സമ്മാനിച്ച് 2024 പടിയിറങ്ങി.
.