ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡിനെ വീണ്ടും ചുവപ്പിച്ച് അര്‍നെ സ്ലോട്ടും സംഘവും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ മിന്നും ഫോമിലുള്ള ലിവര്‍പൂളിന് ജയം. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ചെമ്പട നേടിയത്. ജയത്തോടെ ഒമ്പത് പോയിന്റ് ലീഡുമായാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങളിലാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍വി നേരിട്ടത്. ഗ്യാക്ക്‌പോ(12), മുഹമ്മദ് സലാഹ്(78) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. സലാഹ് ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ആരാധകര്‍ ഒന്നടങ്കം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആന്‍ഫീല്‍ഡ് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ആന്‍ഫീല്‍ഡിന്റെ കുട്ടികള്‍ ഞങ്ങള്‍ തന്നെയാണെന്നും കിരീടം പോരില്‍ ചെമ്പടയെ വെല്ലാന്‍ ആരും വരേണ്ടെന്നുമുള്ള പ്രഖ്യാപനവും നടത്തിയാണ് ലിവര്‍പൂള്‍ കളം വിട്ടത്.