റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ വിടില്ലെന്ന് റിപ്പോര്‍ട്ട്. താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ അല്‍ ഹിലാല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ നെയ്മര്‍ അടുത്തിടെ ക്ലബ്ബിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ താരത്തിന് സൗദി പ്രോ ലീഗ് മല്‍സരത്തിനിടെ വീണ്ടും പരിക്കേറ്റിരുന്നു. തുടര്‍ന്ന് നെയ്മര്‍ ഇപ്പോള്‍ ടീമിന് പുറത്താണ്.
തുടര്‍ച്ചയായ പരിക്കുകള്‍ കാരണം നെയ്മറെ ഒഴിവാക്കാന്‍ അല്‍ ഹിലാല്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നെയ്മറിനെ ഒരു വര്‍ഷത്തേക്ക് പുതുതായി രജിസ്ട്രര്‍ ചെയ്യാന്‍ ക്ലബ്ബ് തീരുമാനിച്ചിരിക്കുകയാണ്. ചെല്‍സി താരം കൗലിബാലിയെ റിലീസ് ചെയ്ത് നെയ്മറെ നിലനിര്‍ത്താനാണ് അല്‍ ഹിലാലിന്റെ നീക്കം. നേരത്തെ നെയ്മര്‍ ഇന്റര്‍മിയാമിയിലേക്കോ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്കോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നെയ്മര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.