റിയാദ്: തുടര്‍ച്ചയായ പരിക്ക് കാരണം അല്‍ ഹിലാലിനായി കളിക്കാന്‍ സാധ്യക്കാത്ത ബ്രസീല്‍ താരം നെയ്മറിന്റെ കരാര്‍ ഒഴിവാക്കാന്‍ ക്ലബ്ബ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് നെയ്മര്‍ കളത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ രണ്ട് മല്‍സരങ്ങള്‍ മാത്രം കളിച്ച നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായി. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ താരത്തിന് വീണ്ടും പരിക്കേറ്റു. നിലവില്‍ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് വേണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് മൂന്ന് മാസം വരെ നീളുമെന്നും റിപ്പോര്‍ട്ടുണ്ട്.
വന്‍ തുകയ്ക്കായിരുന്നു നെയ്മറിനെ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ ടീമിലെത്തിച്ചത്. എന്നാല്‍ ഭൂരിഭാഗവും താരം പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ഇതുവരെ ടീമിനായി ഏഴ് മല്‍സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ടീമിന് സാമ്പത്തിക ബാധ്യതയായി നെയ്മറെ നിലനിര്‍ത്തേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ ആലോചന. നിലവില്‍ താരത്തെ പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കരാര്‍ ഒഴിവാക്കാന്‍ ക്ലബ്ബ് നീക്കം നടത്തുന്നതായി അല്‍ ഹിലാലുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് സൂചന നല്‍കിയത്. അതിനിടെ നെയ്മര്‍ ഇന്റര്‍മയാമിയില്‍ ലയണല്‍ മെസ്സിക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.