ജിദ്ദ: ജാപ്പനീസ് ക്ലബ്ബായ കവാസാക്കി ഫ്രൊണ്ടെയ്‌ലിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് സൗദി ക്ലബ്ബ് അൽ അഹ്ലി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റ് കിരീടത്തിൽ മുത്തമിട്ടു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ ബ്രസീലിയൻ വിങർ ഗലേനോ, ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കെസ്സി എന്നിവരാണ് അൽ അഹ്ലിയുടെ കന്നി ചാമ്പ്യൻസ് ലീഗ് നേട്ടത്തിനായി ഗോളടിച്ചത്. ജയത്തോടെ വൻകരയുടെ കിരീടം നേടുന്ന മൂന്നാമത്തെ സൗദി ക്ലബ്ബായി അൽ അഹ്ലി. നേരത്തെ അൽ ഹിലാലും അൽ ഇത്തിഹാദും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയടങ്ങിയ അൽ നസ്‌റിനെ സെമിഫൈനലിൽ കീഴടക്കിയെത്തിയ ജാപ്പനീസ് ക്ലബ്ബിന് ഫൈനലിൽ അൽ അഹ്ലിയുടെ താരപ്പൊലിമക്കും കേളീമികവിനും മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിയാദ് മഹ്‌റസ്, റോബർട്ടോ ഫിർമിനോ, ഗലേനോ, ഇവാൻ ടോണി എന്നിവടങ്ങുന്ന അൽ അഹ്ലിയുടെ ലോകോത്തര ആക്രമണനിരക്കെതിരെ ഒമ്പത് ജാപ്പനീസ് താരങ്ങളുമായാണ് കവാസാക്കി കളി തുടങ്ങിയത്.
35-ാം മിനുട്ടിൽ ഫിർമിനോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഗലേനോ തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ട്, ഡൈവ് ചെയ്ത കീപ്പർക്ക് പിടിനൽകാതെ പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയതോടെ ആതിഥേയർ മുന്നിലെത്തി. 42-ാം മിനുട്ടിൽ റിയാദ് മെഹ്റസിന്റെ പാസ് വലതുബോക്‌സിൽ സ്വീകരിച്ച് ഫിർമിനോ തൊടുത്തുവിട്ട ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്ത് ഫ്രാങ്ക് കെസ്സി പട്ടിക പൂർത്തിയാക്കുകയും ചെയ്തു.
മത്സരത്തിൽ ഒരിക്കൽപ്പോലും അൽ അഹ്ലിയുടെ ഗോൾമുഖം വിറപ്പിക്കുന്ന ശ്രമം നടത്താൻ കവാസാക്കിക്കു കഴിയാതിരുന്നപ്പോൾ ഏഴ് ഓൺ ടാർഗറ്റ് ഷോട്ടുകളടക്കം 17 ഗോൾശ്രമങ്ങളുമായി അൽ അഹ്ലി മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി.