റിയാദ്: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം എസി മിലാന്. ത്രില്ലര്‍ പോരാട്ടത്തില്‍ ചിര വൈരികളായ ഇന്റര്‍ മിലാനെ വീഴ്ത്തിയാണ് എസി മിലാന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എസി മിലാന്റെ ജയം. ഫൊന്‍സേക്കയ്ക്ക് പകരം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പരിശീലകനായി എത്തിയ സെര്‍ജിയോ കോണ്‍സെയ്സോയ്ക്ക് ഇരട്ടി മധുരം നല്‍കുന്നതായി കിരീട വിജയം. രണ്ട് ഗോള്‍ വഴങ്ങിയ ശേഷം പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് എസി മിലാന്‍ കിരീടത്തില്‍ മുത്തമിട്ടത്.
എസി മിലാനായി തിയോ ഹെര്‍ണാണ്ടസ്, ക്രിസ്റ്റിയന്‍ പുലിസിച്, ടാമ്മി എബ്രഹാം എന്നിവര്‍ വല ചലിപ്പിച്ചു. ഇന്ററിന്റെ ലൗട്ടാരോ മാര്‍ട്ടിനസ്, മെഹ്ദി ടരെമി എന്നിവരാണ് ഗോളുകള്‍ നേടിയത്. കളിയുടെ ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്റര്‍ രണ്ടാം ഗോളും വലയിലാക്കി. മെഹ്ദി ടരെമിയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.
52ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. 80ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിച് സമനില ഗോള്‍ വലയിലാക്കി. ഇഞ്ച്വറി സമയത്ത് ഇന്ററിന്റെ ഹൃദയം തകര്‍ത്ത് സൂപ്പര്‍ സബ് ടാമി എബ്രഹാം വിജയ ഗോള്‍ വലയിലാക്കി അവരെ തിരിച്ചു വരാന്‍ സമയം നല്‍കാതെ പരാജയത്തിലേക്ക് തള്ളിയിട്ടു. എസി മിലാന്റെ എട്ടാം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടമാണിത്. തുടരെ നാലാം കിരീടമാണ് ഇന്റര്‍ മിലാന്‍ ലക്ഷ്യമിട്ടത്. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ തിളക്കവുമായി എത്തിയ അവര്‍ക്ക് പക്ഷേ ഇത്തവണ കാലിടറി. 2016നു ശേഷമാണ് എസി മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്.