ദുബൈ – ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുഎഇയിലേക്ക് വരാൻ ഈ നിരക്കിന്റെ പത്തിരട്ടി തുക നൽകണം.
സീസണിന്റെ പേരിലാണ് ഒരേ യാത്രാ ദൂരമുള്ള രണ്ട് സെക്ടറുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇത്രയും വ്യത്യാസം വരുന്നത്. ഗൾഫിലെ സ്കൂളുകൾ തുറന്ന് 2 ആഴ്ച കഴിഞ്ഞിട്ടും കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവില്ല. മാത്രമല്ല കേരളത്തിൽ നിന്നുള്ള പല വിമാനങ്ങളിലും സീറ്റില്ല. ഉള്ളവയ്ക്കാകട്ടെ പൊള്ളുന്ന നിരക്കും.
ഈ മാസം മൂന്നാം വാരത്തിലേ നിരക്ക് കുറയൂ എന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചത്. സ്കൂളിൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിലപ്പെട്ട ക്ലാസുകളാണ് ഇതുകാരണം നഷ്ടപ്പെടുന്നത്. ഇതുമൂലം വൻ തുക നൽകി പലരും കണക്ഷൻ വിമാനത്തിലും പ്രത്യേക വിമാനത്തിലും യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. ഓണം ആഘോഷിക്കാൻ നാട്ടിൽ പോയവരെല്ലാം പെട്ടിരിക്കുകയാണ്. യുഎഇയിൽ പുതിയ നിയമം അനുസരിച്ച് 15 ദിവസത്തിൽ കൂടുതൽ തുടർച്ചയായി ലീവെടുക്കുന്ന വിദ്യാർഥികളെ അടുത്ത ഗ്രേഡിലേക്കു സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഇത് പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങി വിശേഷ അവസരങ്ങളിൽ എയർലൈനുകൾ വിമാനടിക്കറ്റ് നിരക്ക് പൊതുവെ വർധിപ്പിക്കാറുണ്ട്. ഇത്തരം വിശേഷ ദിവസങ്ങളിൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് ഒരുതരത്തിലും താങ്ങാൻ സാധിക്കാത്ത തരത്തിലാണ് ഈ വർധന. ഗൾഫിലെ അവധിക്കാലവും ഓണവും ഒരുമിച്ചു വന്നതോടെ വിമാനക്കമ്പനികൾക്ക് ചാകരയാണ്. ഓണത്തിനു നാട്ടിലെത്താൻ മാത്രമല്ല, അവധിക്കാലം കഴിയും മുൻപു തിരിച്ചെത്തണമെങ്കിലും അധിക ടിക്കറ്റ് നിരക്ക് നൽകണം.