കായംകുളം – തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിദേശ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലും ചൂനാട് യു.പി.സ്‌കൂളിലുമാണ് ചലച്ചിത്ര പ്രദർശനങ്ങൾ നടത്തിയത്.
മലയാളം സബ് ടൈറ്റിലുകളോടെ “ഹൈദി”, “പഹൂണ” എന്നീ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചലച്ചിത്രങ്ങളെക്കുറിച്ച് മലയാളത്തിൽ ആമുഖവും വിവരണവും നൽകിയിരുന്നു.
സ്വിസ് എഴുത്തുകാരി ജോഹന്ന സ്‌പൈറിയുടെ ലോകപ്രശസ്തമായ കുട്ടികളുടെ നോവലിൻറെ ചലച്ചിത്രാവിഷ്‌കാരമാണ് ‘ഹൈദി’. ബാലസാഹിത്യ കൃതികളിൽ പല ഭാഷകളിലായി ലോകത്തെ ഏറ്റവുമധികം കുട്ടികൾ വായിച്ച നോവലുകളിലൊന്നാണിത്. കുട്ടികൾക്കും കുട്ടികളെ സ്‌നേഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഹൈദി. അനാഥയായ പെൺകുട്ടി സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുകയാണ് ഈ ചിത്രത്തിൽ.


ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കുന്നതിനിടയിൽ, മാതാപിതാക്കളിൽ നിന്നും വിട്ടുപിരിയേണ്ടിവരുന്ന മൂന്നു നേപ്പാളി കുട്ടികളുടെ അതിജീവനത്തിൻറെ കഥ പറയുന്ന സിനിമയാണ് “പഹൂണ”. ഒരേ സമയം ചിരിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഈ രണ്ടു ചിത്രങ്ങളും കുട്ടികൾക്ക് വേറിട്ട ചലച്ചിത്രാനുഭവം പകർന്നു.
പ്രദർശനങ്ങൾക്ക് ശേഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രങ്ങളുടെ ആസ്വാദന ചർച്ചയും സംവാദവും നടത്തി. കുട്ടികൾക്കിടയിൽ ലോകപ്രസിദ്ധമായ സിനിമകൾ എത്തിക്കുന്നതിനും നല്ല സിനിമകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രദർശനങ്ങൾ സംഘടിപ്പിച്ചത്.
“പെരുന്തച്ചൻ” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ചിരപ്രതിഷ്‌ഠ നേടിയ തോപ്പിൽ അജയനെ അനുസ്‌മരിച്ചു കൊണ്ട് ഫിലിം സൊസൈറ്റി സെക്രട്ടറിയും അജയൻറെ സഹധർമിണിയുമായ ഡോ.സുഷമ അജയൻ സംസാരിച്ചു. ഗായകനും ഫിലിം സൊസൈറ്റി പ്രസിഡന്റുമായ കെ.പി.എ.സി ചന്ദ്രശേഖരൻ, ട്രഷറർ അജയൻ പോക്കാട്ട്, എൻ.എസ്.സലിം കുമാർ, അശോകൻ മാഷ്, ടി.ആർ.ബാബു, രാഖി, ഷീജ, ബബിത, അഡ്വ.ഗീത സലിം കുമാർ, അനിൽ നീണ്ടകര, സലിം പാനത്താഴ, പി.ഷാജി, ഷാനവാസ് കുറ്റിപ്പുറം, മോഹനൻ പിള്ള, ഖദീജ താഹ എന്നിവർ ചടങ്ങുകളിൽ സംസാരിച്ചു.