റിയാദ് : കൈവെള്ളയിലെ രേഖകള്‍ പോലെ തെളിമയുള്ളതാണ് യൂസുഫ് കെ കാക്കഞ്ചേരിക്ക് സൗദി പ്രവാസികളുടെ ഓരോ പ്രശ്‌നവും. രണ്ടര പതിറ്റാണ്ടായി മലയാളികള്‍ ഉള്‍പ്പെടുന്ന റിയാദ് ഇന്ത്യക്കാരുടെ ഓരോ ജീവല്‍ പ്രശ്‌നത്തിനും പരിഹാരം ഇന്ത്യന്‍ എംബസി സ്റ്റാഫ് അംഗം യൂസുഫ് കെ കാക്കഞ്ചേരി പറഞ്ഞു തരും. മാര്‍ഗനിര്‍ദേശം നല്‍കും. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജീവകാരുണ്യത്തിന്റെ വലിയൊരു പുസ്തകത്തിന്റെ താളുകള്‍ അടയുന്നു. പ്രവാസത്തിന്റെ കുപ്പായം അഴിച്ച് നാട്ടില്‍ നിയമ പഠനത്തിന് ഒരുങ്ങുകയാണ് യൂസുഫ്. 1999 മുതല്‍ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായി നിയമിതനായ അദ്ദേഹം തൊഴില്‍ പ്രശ്‌നങ്ങളിലും മരണം, നഷ്ടപരിഹാരം, ജയില്‍ കേസുകളില്‍ പ്രവാസികള്‍ക്ക് ഒരത്താണിയായിരുന്നു. ഫെബ്രുവരി അഞ്ചിനാണദ്ദേഹം എംബസിയിലെ ജോലിയില്‍ നിന്ന് വിരമിക്കുന്നത്.
റിയാദ് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെയടക്കം വിവിധ വധശിക്ഷ കേസുകളില്‍ നേരിട്ട് ഇടപെട്ട വ്യക്തിയാണ് യൂസുഫ് കാക്കഞ്ചേരി. 80 തവണ വിവിധ കോടതികളില്‍ നടന്ന വിചാരണ വേളകളില്‍ അബ്ദുറഹിം കേസിന് ഹാജരായി. വാദി ഭാഗവുമായുള്ള അനുരജ്ഞന ചര്‍ച്ചകളില്‍ എംബസിയെ പ്രതിനിധീകരിച്ചു. 2011ല്‍ ആണ് വാദിഭാഗവുമായി അനുരജ്ഞന ചര്‍ച്ച നടത്താന്‍ എംബസി ഇദ്ദേഹത്തെ അധികാരപ്പെടുത്തിയത്. 2023 ഒക്ടോബറില്‍ ഒത്ത്തീര്‍പ്പില്‍ എത്തുന്നത് വരെ നിയമ സഹായസമിതിയുമായി തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നിയമ സഹായ സമിതി കാഴ്ച വെച്ചത്. ഇപ്പോഴും റഹീം കേസില്‍ എംബസി പ്രതിനിധിയായി എത്തുന്നത് ഇദ്ദേഹമാണ്. റഹീമിന് വൈകാതെ ജയില്‍ മോചനമുണ്ടാകുമെന്ന് യൂസഫ് കെ കാക്കഞ്ചേരി ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ലേബര്‍ കോടതികള്‍ വഴി ആയിരകണക്കിനാളുകള്‍ക്ക് ശമ്പള കുടിശ്ശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നേടികൊടുക്കുവാന്‍ ഇദ്ദേഹം മുന്നില്‍ നിന്നു. രണ്ട് മില്യനോളം റിയാല്‍ മരണാനന്തര നഷ്ടപരിഹാരമായി അനന്തരാവകാശികള്‍ക്ക് ലഭ്യമാക്കി കൊടുക്കാന്‍ സാധിച്ചു. ഇതില്‍ വാഹനാപകട കേസുകള്‍ മുതല്‍ കൊലപാതക കേസുകള്‍ വരെ ഉണ്ട്. 2012ല്‍ ഒരു രാജസ്ഥാന്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ അമ്പതിനായിരം റിയാല്‍ നഷ്ടപരിഹാരം ലഭിക്കേണ്ടതിന് പകരം ഒന്നര ലക്ഷം റിയാല്‍ വാങ്ങികൊടുത്തും എംബസി പരിസരത്ത് തൊഴിലുടമ ഉപേക്ഷിച്ചു പോയ വളരെ അവശ നിലയിലായിരുന്ന ഒരു വേലക്കാരിക്ക് ശമ്പള കുടിശ്ശികയായി 56000 റിയാല്‍ തൊഴിലുടമയില്‍ നിന്ന് ലഭ്യമാക്കിയതും ഇന്നും ഓര്‍ക്കുന്നു. ഒരു വധശിക്ഷയുമായി ബന്ധപ്പെട്ട് പ്രതികളായ നാലു മലയാളികള്‍ക്ക് വധശിക്ഷ കൊടുക്കണമെന്ന വാദി കുടുംബത്തിന്റ ആവശ്യത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു.
പ്രവര്‍ത്തന മികവ് പരിഗണിച്ചു അംബാസഡര്‍ തല്‍മീസ് അഹ്മ്മദ് 2009 ല്‍ ജയില്‍ കേസുകളും ഡീപോര്‍ട്ടേഷന്‍ കേസുകളും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചു. 2016 വരെ അത് തുടര്‍ന്നു. 2016 മുതല്‍ എംബസിയുടെ പരിധിയില്‍പ്പെട്ട 22ഓളം ജയിലുകളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യങ്ങളും അതോടൊപ്പം റിയാദിന് പുറത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ വിഷയങ്ങളും കൈകാര്യം ചെയ്തു. ഈ കാലയളവില്‍ എട്ട് ഇന്ത്യക്കാരെ (അബ്ദുറഹീം ഒഴികെ) വധശിക്ഷയില്‍ നിന്ന് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ അനന്തരാവകശികള്‍ക്ക് കൊലപാതകിയായ ഈജിപ്ഷ്യന്‍ പൗരനില്‍ നിന്ന് രണ്ട് മില്യണ്‍ റിയാല്‍ നേടി കൊടുക്കാന്‍ സാധിച്ചു. അടുത്തിടെയായിരുന്നു സംഭവം. റിയാദ് ജയിലധികൃതര്‍ ആയിരുന്നു ഈ കേസ് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എണ്ണമറ്റ ആളുകള്‍ക്ക് കഴിവിന്റ പരിധിക്കുമപ്പുറം സേവനങ്ങള്‍ ചെയ്ത് കൊടുക്കാന്‍ സാധിച്ചതില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ട്.
എംബസിയിലെ കാരണങ്ങള്‍ കൊണ്ട് ഒരാളും ഒരു ദിവസം പോലും അധികമായി ജയിലില്‍ കിടക്കാന്‍ പാടില്ലന്ന നിര്‍ബന്ധബുദ്ധിയാണ് ഇദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. മികച്ച സേവനം പരിഗണിച്ച് റിയാദ് ഡിപ്പോര്‍ട്ടേഷന്‍ മേധാവിയുടെ ആദരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എംബസി ക്ഷേമനിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കാനും കഴിഞ്ഞു. 2013ലെയും 2017ലെയും പൊതുമാപ്പ് കാലത്ത് ആയിരക്കണക്കിന് ആലംബഹീനര്‍ക്ക് എംബസിയുടെ സഹായം എത്തിക്കാന്‍ സാധിച്ചതില്‍ നിറഞ്ഞ ചാരിതാര്‍ഥ്യം ഉണ്ട്.
ഇന്ത്യന്‍ വൈസ് പ്രസിഡണ്ടായിരുന്ന മുന്‍ അംബാസിഡര്‍ ഡോ. ഹാമിദ് അലി അന്‍സാരി, (99 2001), തല്‍മീസ് അഹ്മ്മദ് (2001 2004), കമാലുദ്ദീന്‍ അഹ്മദ്((2004), മുന്‍ കേരള ഗവര്‍ണറായിരുന്ന എം ഒ എച്ച് ഫാറൂഖ്(2005 2009), തല്‍മീസ് അഹമദ്(2009 2010), ഹാമിദ് അലി റാവു(2010 2014), അഹ്മ്മദ് ജാവേദ് (മുന്‍ മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍) (2014 2017), ഡോ. ഔസാഫ് സഈദ് (2017 2021), ഡോ. സുഹൈല്‍ അജാസ് ഖാന്‍ തുടങ്ങിയ അംബാസഡര്‍മാരുടെ കീഴില്‍ ജോലി ചെയ്തു.
സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റ മേധാവികളായിരുന്ന അബ്ദുല്‍ ഗഫൂര്‍ അല്‍ഗൂര്‍, വി നാരായണന്‍, കെ. മുരളീധരന്‍, പി. ബാലചന്ദ്രന്‍, താരാചന്ദ്, വി.കെ ശര്‍മ്മ (പില്‍ക്കാലത്ത് അംബാസഡര്‍), അശോക് വാര്യര്‍, ഡിബി ഭാട്ടി, ആര്‍ സജീവ്, ബി എന്‍ പാണ്ഡെ, മോയിന്‍ അഖ്തര്‍, അറ്റാഷെമാരായ കെ.കെ മീന, രാജ്കുമാര്‍, രാജീവ് സിക്രി തുടങ്ങിയവരുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചത് വ്യത്യസ്ത അനുഭവങ്ങളായിരുന്നു.
2010 ല്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൗദി സന്ദര്‍ശിച്ചപ്പോഴും 2016ലും 2018ലും പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി സന്ദര്‍ശിച്ചപ്പോഴും അവരെ നേരില്‍ കാണാന്‍ സാധിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് സൗദി പാര്‍ലമെന്റായ ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചു. മുന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മൂന്ന് തവണ സൗദി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ മുഴുവന്‍ സമയവും ഡ്യൂട്ടിയിലുണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന എ കെ ആന്റണി, പി ചിദംബരം, ഗുലാം നബി ആസാദ്, ശശി തരൂര്‍, ക്യാപ്റ്റന്‍ ആനന്ദ് ശര്‍മ്മ, മുരളി ദിയോറ, ഈ അഹ്മ്മദ്, സുഷമ സ്വരാജ്, ജസ്വന്ത് സിംഗ്, വസുന്ദരരാജ് സിന്ധ്യ, മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ നജ്മ ഹിബത്തുല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി ഒട്ടനവധി നേതാക്കളെ ഈ സേവനകാലത്തിനിടെ നേരില്‍ കണ്ടു. മലയാളം ന്യൂസ് അടക്കമുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന ഇദ്ദേഹത്തിന്റെ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അനുഭവങ്ങളുമായി സര്‍വീസ് സ്റ്റോറിയായ ‘ഡിസേര്‍ട്ട് ഡയറി’ അണിയറയില്‍ തയ്യാറായി വരികയാണ്. ഖൗലത്ത് ആണ് ഭാര്യ. സവാദ്, ഫര്‍ഹാന്‍, ഷമീല്‍ മക്കളാണ്.
ഇദ്ദേഹത്തിന്റെ വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം എന്ന വിഷയം ലേഖന സമാഹാരമായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രവാസം ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകം 2023 ല്‍ കോഴിക്കോട്ടെ ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ചു. പ്രവാസം തുടങ്ങിയ കാലം മുതല്‍ ഇപ്പോള്‍ പ്രവാസം എവിടെ എത്തി നില്‍ക്കുന്നുവെന്ന് പുസ്തകത്തില്‍ സമഗ്രമായി പ്രതിപാദിക്കുന്നു. പ്രവാസലോകത്ത് ജീവിക്കുമ്പോള്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട അവശ്യം വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. മറ്റ് രണ്ട് പുസ്തകങ്ങള്‍ കൂടി ഇറങ്ങും. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.