റിയാദ്: ഹെവിവെയ്റ്റ് ബോക്‌സിംഗിലെ സര്‍വാംഗീകൃത ലോക ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടം 18ന് ശനിയാഴ്ച റിയാദില്‍ കിംഗ്ഡം അരീനയില്‍ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ ടൈസണ്‍ ഫ്യൂറിയും ഒലെക്‌സാണ്ടര്‍ ഉസിക്കും ഏറ്റുമുട്ടുന്ന കായികലോകം ഉറ്റുനോക്കുന്ന ഈ മത്സരത്തിന് റിംഗ് ഓഫ് ഫയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. റിയാദ് സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഈ പരിപാടിക്ക് 75 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. സ്‌കൈ സ്‌പോര്‍ട്‌സ്, ടിഎന്‍ടി, ഇഎസ്പിഎന്‍, ഡാസണ്‍ എന്നിവയുള്‍പ്പെടെ നിരവധി ആഗോള ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളും പ്ലാറ്റ്‌ഫോമുകളും ഈ കായിക പരിപാടി സംപ്രേക്ഷണം ചെയ്യും.
ബ്രിട്ടീഷ് ബോക്‌സറും ലോക ഹെവിവെയ്റ്റ് ചാമ്പ്യനുമായ ടൈസണ്‍ ഫ്യൂറി പങ്കെടുത്ത 34 മത്സരങ്ങളില്‍ തോല്‍വിയുടെ രുചി അറിഞ്ഞിട്ടില്ല. 33 മത്സരങ്ങളില്‍ അദ്ദേഹം വിജയിച്ചു. 24 എണ്ണം നോക്കൗട്ടില്‍ വിജയിച്ചു. ഒരു മത്സരം മാത്രം സമനിലയില്‍ പിരിഞ്ഞു. ഉക്രേനിയന്‍ ബോക്‌സര്‍ ഒലെക്‌സാണ്ടര്‍ ഉസിക്കിനും തോല്‍വിയെ കുറിച്ച് അറിയില്ല. പങ്കെടുത്ത 21 മത്സരങ്ങളില്‍ 12 നോക്കൗട്ട് ഉള്‍പ്പെടെ എല്ലാം വിജയിച്ചു. 2012 ഒളിമ്പിക് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.
ഫെബ്രുവരി 17 നായിരുന്നു ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിയാദില്‍ നാല് ബോക്‌സര്‍മാരുമായി പരിശീലനം നടത്തുന്നതിനിടെ ബ്രിട്ടിഷ് താരം ടൈസന്‍ ഫുറിക്ക് കണ്ണിന് മുകളില്‍ മുറിവേറ്റതോടെ മത്സരം നീട്ടിവെക്കുകയായിരുന്നു. 11 തുന്നലുകള്‍ വേണ്ടിവന്നു. മുറിവ് ഉണങ്ങാന്‍ വേണ്ടിയാണ് മത്സരം നീട്ടിയത്. നേരത്തെ ഡിസംബറില്‍ മത്സരം സംഘടിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
ഫുറി റിയാദിലും ഉസിക് സ്‌പെയിനിലുമാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരിശീലനത്തില്‍ പൂര്‍ണ ശ്രദ്ധ ചൊലുത്തിയെന്നും ജനുവരി 28 ന് നാലാമത്തെ കുട്ടിയുടെ ജനന സയത്തു പോലും ക്യാമ്പ് വിട്ടിരുന്നില്ലെന്നും ഉക്രൈന്‍ ബോക്‌സറായ ഉസിക്ക് പറഞ്ഞു. ഈ പോരാട്ടത്തിനായി പല കാര്യങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. അവധി ദിനങ്ങളും ജന്മദിനവും പുതുവത്സരാഘോഷവും കുട്ടിയുടെ ജനനവും എല്ലാം. ഉസിക് പറഞ്ഞു.
ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ നിലവില്‍ ഒന്നിലേറെ ലോക ചാമ്പ്യന്മാരുണ്ട്. നാല് പ്രധാന ബെല്‍റ്റുകള്‍ക്കായാണ് ബോക്‌സിംഗില്‍ പോരാട്ടം. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി), വേള്‍ഡ് ബോക്‌സിംഗ് അസോസിയേഷന്‍ (ഡബ്ല്യു.ബി.എ), ഇന്റര്‍നാഷനല്‍ ബോക്‌സിംഗ് ഫെഡറേഷന്‍ (ഐ.ബി.എഫ്), വേള്‍ഡ് ബോക്‌സിംഗ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ബി.ഒ) എന്നീ സംഘടനകളാണ് ഹെവിവെയ്റ്റ് ബെല്‍റ്റുകള്‍ സമ്മാനിക്കുന്നത്. നിലവില്‍ ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ചാമ്പ്യനാണ് ഫുറി. 2020 ല്‍ ഡിയോന്‍ടേ വൈല്‍ഡറെ തോല്‍പിച്ചാണ് മുപ്പത്തഞ്ചുകാരന്‍ ഡബ്ല്യു.ബി.ഒ ചാമ്പ്യനായത്.
മറ്റു മൂന്നു ബെല്‍റ്റുകള്‍ ഉസിക്കിന്റെ പേരിലാണ്. 2021 ല്‍ ജിദ്ദയില്‍ ആന്റണി ജോഷ്വയെ തോല്‍പിച്ചാണ് മുപ്പത്തേഴുകാരന്‍ ഈ മൂന്നു ബെല്‍റ്റുകള്‍ സ്വന്തമാക്കിയത്. മെയ് 18 ന് നടക്കുന്ന പോരാട്ടത്തിലെ വിജയി നാല് ബെല്‍റ്റുകളും സ്വന്തമാക്കും. നാല് അസോസിയേഷനുകളും അംഗീകരിക്കുന്ന ഹെവിവെയ്റ്റ് ചാമ്പ്യനാവും. അവസാനമായി സര്‍വാംഗീകൃത ലോക ചാമ്പ്യനായത് ലെനക്‌സ് ലൂയിസാണ്. 25 വര്‍ഷം മുമ്പ്. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനെയാണ് ലൂയിസ് തോല്‍പിച്ചത്. പക്ഷെ അന്ന് മൂന്നു ബെല്‍റ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഡബ്ല്യു.ബി.ഒ രൂപീകൃതമായിരുന്നില്ല. മെയ് 18 ലെ വിജയി നാല് ബെല്‍റ്റുകളും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ബോക്‌സറാവും.