ന്യൂഡൽഹി – ലോകസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാതിന് തൊട്ടു പിന്നാലെ ഇന്ത്യാ മുന്നണിയുടെ യോഗം ചേർന്ന് നേതാക്കൾ. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് ഇന്ത്യ മുന്നണി നേതാക്കൾ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയത്.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവവിന്ദ് കെജ്രിവാൾ, സി.പി.എം ദേശീയ ജനറൾസെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല, എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ശരരത് പവാർ, യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ആർജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങി ഇന്ത്യാ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് ധാരണയിലെത്തിയതായാണ് വിവരം.
വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് വിലയിരുത്താനാണ് യോഗം ചേർന്നതെന്നും വിജയപ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ മുന്നണിയെന്നും ഖാർഗെ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോരാട്ടം അവസാനിച്ചിട്ടില്ല, എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. ഞങ്ങൾ സർവ ശക്തിയുമുപയോഗിച്ച് പോരാടിയിട്ടുണ്ട്. അതിന്റെ ഫലമുണ്ടാവും. ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്. ആ വിശ്വാസം തെറ്റില്ലെന്നും ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group