ന്യൂഡൽഹി / ഭുവനേശ്വർ: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ മോഡി സർക്കാറിന് കടുത്ത പ്രഹരവുമായി ബി.ജെ.ഡി എം.പിമാർ. മോഡി സർക്കാറിൽ കഴിഞ്ഞ രണ്ടു ടേമിലും നിർണായക പിന്തുണ നൽകി രാജ്യസഭയിൽ എൻ.ഡി.എയുടെ കരുത്തറിയിച്ച ബി.ജെ.ഡി എം.പിമാർ ഇനി പ്രതിപക്ഷത്തിരിക്കും. ബി.ജെ.ഡി നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് ആണ് ഇക്കാര്യം അറിയിച്ചത്.
ലോകസഭയിലേക്ക് പാർട്ടിക്ക് ആരെയും ജയിപ്പിക്കാനായില്ലെങ്കിലും പാർട്ടിയുടെ ഒൻപത് രാജ്യസഭാ എം.പിമാരുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോടേറ്റ കനത്ത പരാജയമാണ് ഇത്തരമൊരു തീരുമാനത്തിന് നവീൻ പട്‌നായികിന്റെ പാർട്ടിയെ നിർബന്ധിതമാക്കിയതെന്നാണ് റിപോർട്ടുകൾ. ഒഡീഷയിലെ 24 വർഷത്തെ ബി.ജെ.ഡി ഭരണത്തിനാണ് 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്ത്യം കുറിച്ചത്. 147 അംഗ നിയമസഭയിൽ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡീഷയിൽ ആദ്യമായി ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകൾ നേടിയപ്പോൾ 14 സീറ്റുകളാണ് കോൺഗ്രസിന്റെ സമ്പാദ്യം.
2014 മുതൽ രാജ്യസഭയിൽ എൻ.ഡി.എ സർക്കാറിനെ പിന്തുണച്ചവരാണ് ബി.ജെ.ഡി. ഇവരുടെയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസിന്റെയും സഹായത്തോടെയാണ് മുത്വലാഖ്, ജമ്മു കശ്മീരിന്റെ പദവി തുടങ്ങിയ സുപ്രധാനമായ പല ബില്ലുകളും രാജ്യസഭയിൽ കേന്ദ്രസർക്കാർ ചുട്ടെടുത്തത്.
എന്നാൽ, ഇനി ബി.ജെ.പിക്ക് യാതൊരു വിധ പിന്തുണയും നൽകേണ്ടതില്ലെന്നാണ് ബി.ജെ.ഡിയുടെ പുതിയ തീരുമാനം. എല്ലാ വിഷയങ്ങളിലും മോഡിസർക്കാറിന്റെ ഉത്തരവാദിത്തം ഞങ്ങൾ എടുത്തുകാട്ടും. സംസ്ഥാനത്തിന്റെ വികസനവും ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും ബി.ജെ.ഡി എം.പിമാർ ഉന്നയിക്കും. പല ന്യായമായ ആവശ്യങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. പാർലമെന്റിൽ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമായി ബി.ജെ.ഡിയുടെ ഒൻപത് പേരും മാറുമെന്നും ബി.ജെ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.
മൂന്നാമൂഴം ലഭിച്ചെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടെയാണ് അപ്രതീക്ഷിതമായി എൻ.ഡി.എ പാളയത്തിൽനിന്നുതന്നെ മോഡി സർക്കാറിന് പുതിയ തലവേദന ഉയർന്നത്. ഭരണമുന്നണിയോടൊപ്പം ഇല്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ബി.ജെ.ഡി ഇന്ത്യാ മുന്നണിയുമായി ഏതളവിൽ സഹകരിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ഇന്ദ്രപ്രസ്ഥത്തിൽ നിർണായക രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് അവസരമൊരുക്കുക. ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയെ തോൽപിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, എൻ.ഡി.എയിലെ പ്രധാന ഘടകകക്ഷിയാണ്. എന്നാൽ, വൈ.എസ്.ആർ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group