ജിദ്ദ: സൗദി സമൂഹത്തെ വിശിഷ്യായും ഗൾഫ്, അറബ് ജനതയെ പൊതുവിലും ഏറെ അപകീർത്തിപ്പെടുത്തുന്ന മലയാള ചലച്ചിത്രം ആടുജീവിതത്തിന്റെ നിർമാണ കമ്പനിക്കെതിരെ കേസ് നൽകുമെന്ന് പ്രമുഖ സൗദി അഭിഭാഷകൻ കാതിബ് അൽശമ്മരി പറഞ്ഞു.
സിനിമ നിർമിച്ച ഇന്ത്യൻ കമ്പനിക്കും സിനിമയിൽ വേഷമിട്ട ജോർദാനി നടൻ ആകിഫ് നജമിനും ഒമാനി നടൻ താലിബ് അൽബലൂശിക്കുമെതിരെ കേസ് ഫയൽ ചെയ്യാൻ ഒരുക്കങ്ങൾ ആരംഭിച്ചതായി കാതിബ് അൽശമ്മരി വെളിപ്പെടുത്തി.
ഇസ്‌ലാമിനെയും അറബികളെയും ഗൾഫ് ജനതയെയും മോശമായി ചിത്രീകരിക്കുന്ന കഥാപാത്രമായാണ് സൗദി സ്‌പോൺസറായി താലിബ് അൽബലൂശി സിനിമയിൽ വേഷമിട്ടത്. ഇന്ത്യയിലും ഒമാനിലും ജോർദാനിലും ഇത്തരം കേസുകളിൽ വിദഗ്ധരായ അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കാൻ താൻ ആശയവിനിമയങ്ങൾ നടത്തിവരികയാണ്. മൂന്നു രാജ്യങ്ങളുടെയും റിയാദിലെ എംബസികൾ വഴി അതത് രാജ്യങ്ങളിൽ കേസുകൾ നൽകുമെന്നും ഗ്വാണ്ടനാമോ തടവുകാർക്കു വേണ്ടി നേരത്തെ കേസുകൾ വാദിച്ച കാതിബ് അൽശമ്മരി പറഞ്ഞു.