ന്യൂഡൽഹി: ഇന്ന് പുലർച്ചെയാണ് രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ ജിസാറ്റ് 20 ഉപഗ്രഹ വിക്ഷേപണം അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഇലോൺ മസ്‌കിന്റെ ബഹിരാകാശ നിലയത്തിൽ വച്ച് വിജയകരമായി പൂർത്തിയായത്. വിക്ഷേപണത്തിന് പിന്നാലെ അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോഴും നമ്മുടെയെല്ലാം കണ്ണും കാതും മനസ്സും പതിയേണ്ട ചോദ്യങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒക്ക് എന്തുകൊണ്ടാണ് ജിസാറ്റ് 20 ഉപഗ്രഹ വിക്ഷേപണത്തിന് ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കേന്ദ്രത്തെ ആശ്രയിക്കേണ്ടി വന്നതെന്നാണ് ഇതിൽ പ്രധാനം?
ലോകത്തോടൊപ്പം കുതിക്കുന്ന, എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുമുള്ള ഐ.എസ്.ആർ.ഒക്ക് എന്തുകൊണ്ടാണ് അമേരിക്കയുടെ ഫോളിറഡയിലുള്ള മസ്‌കിന്റെ സ്‌പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നു? ഇത് നൽകുന്ന സന്ദേശമെന്താണ്? ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനിത് നാണക്കേടല്ലേ തുടങ്ങി ഒത്തിരി ചോദ്യങ്ങളാണ് അഭിമാന നേട്ടത്തിനിടയിലും സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
എന്നാൽ, ഇതോട് ഐ.എസ്.ആർ.ഒ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും അതിന് ഈ രംഗത്തെ വിദഗ്ധ ഏജൻസികൾ നൽകുന്ന മറുപടി ഇങ്ങനെയാണ്:
ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും നവീനവും ഏറെ ഭാരവുമുള്ള കൃത്രിമ ഉപഗ്രഹമാണ് ഇന്ത്യ ഇന്ന് വിക്ഷേപിച്ച ജിസാറ്റ് 20 അഥവാ ജിസാറ്റ് എൻ 2 എന്ന സാറ്റ്‌ലൈറ്റ്. 4,700 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ഇത്രയേറെ ഭാരമുള്ള ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ നിലവിൽ ഇന്ത്യക്ക് സാങ്കേതികമായി സ്വയം സാധ്യമല്ല.
ഐ.എസ്.ആർ.ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽ.വിഎം 3യ്ക്ക് 4000 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയേ ഉള്ളൂ. അതായത് ഇന്ത്യ മാത്രം ശ്രമിച്ചാൽ ജിസാറ്റ് 20യെ ഭ്രമണപഥത്തിൽ എത്തിക്കാനാവില്ലെന്ന് ചുരുക്കം. ഈയൊരു പരിമിതി മറികടക്കാനാണ് ഉപഗ്രഹ വിക്ഷേപണത്തിന് യു.എസ് ആസ്ഥാനമായുള്ള ഇലോൺ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സുമായി ഐ.എസ്.ആർ.ഒ കൈകോർത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
സ്‌പേസ് എക്‌സുമായുള്ള ഇന്ത്യയുടെ ആദ്യ വാണിജ്യ സഹകരണമാണിതെങ്കിലും ഐ.എസ്.ആർ.ഒ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തിന് ഇതിന് മുമ്പും വിദേശ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ടെന്നതാണ് ചരിത്രം. ഭാരമേറിയ സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കാൻ അന്നെല്ലാം യൂറോപ്യൻ ലോഞ്ച് സർവീസിനെയാണ് നാം ആശ്രയിച്ചിരുന്നതെന്നു മാത്രം. എന്നാൽ, ഇത്തവണ ഇത് സാധ്യമാകാതെ വന്നപ്പോഴാണ് ഐ.എസ്.ആർ.ഒ അവരുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ) ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച് 4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 20 കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചത്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 എന്ന കൂറ്റൻ റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചിട്ടുള്ളത്.
പുലർച്ചെ ഇന്ത്യൻ സമയം 12.01-നായിരുന്നു ജിസാറ്റ് 20-ന്റെ വിക്ഷേപണം. നേരത്തെ നിശ്ചയിച്ച 34 മിനുട്ടിന് ശേഷം 12.36-ഓടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ ബ്രോഡ് ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്റർനെറ്റും നല്കാനായി നിർമിച്ച അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമാണിത്. 14 വർഷത്തെ ആയുസാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്.