ന്യൂഡൽഹി: മതനിരപേക്ഷ ഇന്ത്യയുടെ തീരാനഷ്ടമായ അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പൊളിറ്റ് ബ്യൂറോയിലെ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ തീരുമാനം. വൃന്ദ കാരാട്ട്, എം.എ ബേബി, മണിക് സർക്കാർ, എ വിജയരാഘവൻ തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ടെങ്കിലും ആരെന്ന കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വനിതാ മുഖം കൂടിയായ വൃന്ദ കാരാട്ടാണ്. പക്ഷേ, പാർട്ടിയുടെ പ്രായപരിധി നിബന്ധന പാലിക്കണമെങ്കിൽ തമിഴ്‌നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ വൃന്ദ കാരാട്ട് ഒഴിയേണ്ട സാഹചര്യമുണ്ട്. ആ തടസ്സം മാത്രമാണ് വൃന്ദയ്ക്ക് പകരക്കാരിയായി വരാനുള്ളത്. ഇതേ പ്രായപരിധി തടസ്സമാണ് പാർട്ടിയിലെ മുതിർന്ന അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാറിനുമുള്ളത്.
ഇവർ രണ്ടു പേരുമല്ലെങ്കിൽ കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങളായ എം.എ ബേബിക്കും എ വിജയരാഘവനും സാധ്യത ഇല്ലാതില്ല. ഏതായാലും ഇതിൽ ഒരാൾക്ക് താത്ക്കാലിക ചുമതല നൽകി പാർട്ടി കോൺഗ്രസോടെ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കാനാണ് സാധ്യത. നാലു പതിറ്റാണ്ട് മുമ്പ് എം.എ ബേബി എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോൾ പകരക്കാരനായി ആ സ്ഥാനത്തേക്ക് എത്തിയിരുന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ അതേ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന്റെ പിൻഗാമിയായി മുൻഗാമി കൂടിയായ ബേബിക്ക് ഏറെ സാധ്യതയുള്ളതായും വിലയിരുത്തുന്നു.
മുതിർന്ന നേതാവായ ബി.വി രാഘവുലു, ബംഗാളിൽ നിന്നുള്ള നീലോൽപ്പൽ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളുടെയും പേരുകളുണ്ട്. എന്നാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നൽകാൻ ആലോചിച്ചാൽ പ്രായപരിധി നോക്കാതെ സുഭാഷിണി അലിയും വൃന്ദ കാരാട്ടുമാണുള്ളത്. ഇതിൽ വൃന്ദയ്ക്ക് നറുക്കു വീഴാനാണ് സാധ്യത കൂടുതൽ. ദേശീയ തലത്തിൽ വൃന്ദയെ പോലുള്ള ഒരു വനിതാ മുഖം പാർട്ടി തലപ്പത്ത് വന്നാൽ അത് ഏറെ ചലനങ്ങളുണ്ടാക്കുമെന്നും അഭിപ്രായമുള്ളവർ പാർട്ടിയിൽ ഏറെയുണ്ട്. മറ്റ് നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുന്നിൽ വൃന്ദ കാരാട്ട് പലതവണയാണ് ഇന്നലെ വിതുമ്പി കണ്ണീർ തുടച്ചത്.
അന്ത്യസമയത്ത് യെച്ചൂരിയുടെ കുടുംബത്തോടൊപ്പം പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉറ്റസുഹൃത്തുക്കളുമായ പ്രകാശ് കാരാട്ടും ഭാര്യ വൃന്ദയും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയപ്പോൾ എംബാം ചെയ്യുന്ന ടേബിൾവരെ വൃന്ദ, യെച്ചൂരിയെ അനുഗമിച്ചു. യെച്ചൂരിയെ ധരിപ്പിക്കേണ്ട വസ്ത്രങ്ങൾ അവരാണ് ഡോക്ടർമാരുടെ കൈകളിലേൽപ്പിച്ചത്. വെളുത്ത മാസ്‌ക് ധരിച്ച് സാരിയും ടവ്വലും മറച്ച് വൃന്ദയുടെ കവിളിലേയ്ക്ക് കണ്ണീരൊഴുകുന്നുണ്ടായിരുന്നു അപ്പോൾ. കണ്ടുനിന്നവരിലും ഇതെല്ലാം വൻ നൊമ്പരമാണുണ്ടാക്കിയത്. ഡൽഹിയിലെ പാർട്ടി നേതാവും പതിറ്റാണ്ടുകളായി യെച്ചൂരിയുടെ സുഹൃത്തുമായ നത്ഥു സിങ് ഉള്ളുലയ്ക്കുന്ന മുദ്രാവാക്യത്തോടെ യെച്ചൂരിക്ക് വിട ചൊല്ലുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആത്മസുഹൃത്തിന്റെ, ധിഷണാശാലിയായ ആ പോരാളിയുടെ വേർപാട് കടിച്ചിറക്കുകയായിരുന്നു എല്ലാവരും.
ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് വൈകീട്ട് സീതാറാം യെച്ചൂരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയിൽ വൈകീട്ട് ആറ് മുതൽ പൊതുദർശനം നടക്കും. നാളെ രാവിലെ 11 മുതൽ മൂന്നുവരെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിലും പൊതുദർശനം. തുടർന്ന് വിലാപയാത്രയായി മൃതദേഹം തിരിച്ച് എയിംസ് ആശുപത്രിയിൽ തന്നെ എത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങൾക്കായി ആശുപത്രിക്ക് വിട്ടുകൊടുക്കുമെന്ന് കുടുംബവും പാർട്ടി വൃത്തങ്ങളും അറിയിച്ചു.